അതേസമയം, സെമിയിലെത്തി മെഡൽ ഉറപ്പിക്കാൻ തയാറെടുത്ത ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യമായ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി പുറത്തായത് തിരിച്ചടിയായി. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പുറത്തായത്. മലേഷ്യയുടെ ആരോണ്‍ ചിയ - സോഹ് വൂയി യിക് കൂട്ടുകെട്ട് പിന്നിൽനിന്നെത്തി സെമിയിലേക്ക് മുന്നേറി മെഡൽ ഉറപ്പിച്ചു. സ്കോർ: 21-13, 14-21, 16-21.
വനിതകളുടെ സിംഗിൾസ് പ്രീക്വാർട്ടറിൽ സിന്ധു പുറത്തായി. ചൈനയുടെ ഹെ ബിങ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ തോൽവി. 21-19, 21-14നാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. ഒരു ദിവസം തന്നെ ബാഡ്മിന്റണിലെ രണ്ടു മെഡൽ പ്രതീക്ഷകളാണ് തകർന്നത്.