2008 ബെയ്ജിംഗിൽ ഷെല്ലി ആൻ ഫ്രേസർ സ്വർണം നേടിയതോടെയാണ് 100 മീറ്ററിൽ ജമൈക്കയുടെ ആധിപത്യം ആരംഭിച്ചത്. 2012ലും ഷെല്ലിതന്നെ സ്വർണം സ്വന്തമാക്കി. 2016, 2020 ഒളിന്പിക്സുകളിൽ എലെയ്ൻ തോംസണ്‍ 100 മീറ്റർ ജേതാവായി. ജമൈക്കയുടെ ഈ കുത്തകയാണ് സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് തകർത്തത്. 2008, 2020 ഒളിന്പിക്സുകളിൽ വനിതാ 100 മീറ്റർ ജമൈക്ക തൂത്തുവാരിയിരുന്നു.
സെന്റ് ലൂസിയയുടെ കന്നി മെഡൽ 17.86 ലക്ഷം ആളുകൾ മാത്രമുള്ള രാജ്യമാണ് വെസ്റ്റ് ഇൻഡീസ് ദ്വീപസമൂഹത്തിലുള്ള സെന്റ് ലൂസിയ. ഒളിന്പിക്സിൽ സെന്റ് ലൂസിയയുടെ കന്നി മെഡലാണ് ജൂലിയൻ ആൽഫ്രെഡിലൂടെ കുറിക്കപ്പെട്ടത് എന്നതും ചരിത്രം. രാജ്യത്തിന്റെ കന്നിമെഡൽ നേടിക്കഴിയുന്പോൾ ഒളിന്പിക് വേദിയിലുള്ള മണിമുഴക്കൽ ജൂലിയൻ ആൽഫ്രെഡ് അഭിമാനപൂർവം നടത്തി. 12-ാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട ആളാണ് ജൂലിയൻ. അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം എടുത്തു. 2018 യൂത്ത് ഒളിന്പിക്സിൽ വെള്ളി സ്വന്തമാക്കിയിരുന്നു. 2022 കോമണ്‍വെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവാണ്.
ലാഫോണ്ട് ഹണ്ട് പാരീസ്: ഒളിന്പിക് വേദിയിൽ ഡൊമിനിക്കയുടെ കന്നിമെഡൽ സ്വന്തമാക്കി തിയ ലാഫോണ്ട്. 2024 പാരീസ് ഒളിന്പിക്സ് വനിതാ ട്രിപ്പിൾ ജംപിൽ ലാഫോണ്ട് സ്വർണം സ്വന്തമാക്കിയതോടെ ചരിത്രം പിറന്നു. കരീബിയൻ ദ്വീപസമൂഹത്തിലുള്ള ഡോമിനിക്കയുടെ ഒളിന്പിക് ചരിത്രത്തിലെ ആദ്യമെഡൽ നേട്ടമായിരുന്നു അത്. 15.02 മീറ്ററാണ് മൂന്നു ചാട്ടത്തിലൂടെ ഡൊമിനിക്ക താരം പിന്നിട്ടത്. ജമൈക്കയുടെ ഷാനിക റിക്കറ്റ്സ് (14.87) വെള്ളിയും അമേരിക്കയുടെ ജാസ്മിൻ മൂർ (14.67) വെങ്കലവും സ്വന്തമാക്കി.
72,000+ ജനസംഖ്യ മാത്രമുള്ള രാജ്യമാണ് ഡൊമിനിക്ക. ഇത്രയും ചെറിയ രാജ്യത്തിൽനിന്നാണ് ഒളിന്പിക്സിലെ ആദ്യ മെഡൽതന്നെ സ്വർണത്തിളക്കമായത്.
റിക്കാർഡ് ബെയ്ൽസ് വനിതകളുടെ ജിംനാസ്റ്റിക്സിൽ പേരു കുറിച്ച് അമേരിക്കയുടെ സിമോണ്‍ ബെയ്ൽസ്. വോൾട്ട് ഇനത്തിൽ 15.300 പോയിന്റുമായാണ് ബെയൽസ് സ്വർണം നേടിയത്. ഇതോടെ ഒളിന്പിക്സിൽ അമേരിക്കൻ ജിംനാസ്റ്റിക് താരത്തിന്റെ സ്വർണമെഡൽ നേട്ടം ഏഴായി. ആകെ പത്ത് മെഡലുകളാണ് ഒളിന്പിക്സിൽനിന്ന് നേടിയിട്ടുള്ളത്.
വോൾട്ട് ഇനത്തിൽ രണ്ട് ഒളിന്പിക് സ്വർണമെഡലുള്ള രണ്ടാമത്തെ വനിതയാണ് ബെയ്ൽ. ഇതിനു മുന്‍പ് ചെക്കോസ്ലോവാക്യയുടെ വെര കാസലാസ്ക (1964, 1968) യാണ് ഈ നേട്ടം കൈവരിച്ചത്. പത്ത് ഒളിന്പിക് മെഡലുകളുള്ള ബെയ്ൽസ് ജിംനാസ്റ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ആഗ്നെസ് കെലേറ്റി, പോളിന അസ്റ്റഖോവ എന്നിവർക്കൊപ്പം പങ്കുവയ്ക്കുകയാണ്. ലാറിസ ലാറ്റിനിന (18), കാസലാസ്ക (11) എന്നിവരാണ് മുന്നിലുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മെഡലുകൾ (40) ഉള്ള ജിംനാസ്റ്റും ബെയ്ൽസ് ആണ്. പാരീസ് ഒളിന്പിക്സിൽ അമേരിക്കൻ താരത്തിന്റെ മൂന്നാമത്തെ സ്വർണമാണ്.