പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, ഫലവൃക്ഷ പ്രചാരക സമിതി, ഹരിതകേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തിരുവാതിര ഞാറ്റുവേല ഇന്നു മുതല്‍ 12 വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം ഉദ്ഘാടനം ചെയ്യും. അലങ്കാര -പുഷ്പ ഫലവൃക്ഷ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. മാത്യു പനയ്ക്കല്‍, പി.വി. സതീഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
സ്വദേശിയും വിദേശിയുമായ ഫലവൃക്ഷത്തൈ, പൂച്ചെടികള്‍, പച്ചക്കറി തൈ, അത്യുല്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകള്‍, വളങ്ങള്‍ കൃഷിക്കാവശ്യമായ ഉപകരണങ്ങള്‍ കൂടാതെ കാര്‍ഷിക മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍, ചെറുതേന്‍, വന്തേന്, കാന്താരി തേന്‍, മഞ്ഞള്‍ തേന്‍, നെല്ലിക്കാ തേന്‍, ജൈവകീടനാശിനികള്‍, ഉറുമ്പ്, പാറ്റ, പല്ലി, ഒച്ച്, ഈച്ച എന്നിവയ്ക്കുള്ള ഹോം പെസ്റ്റിസൈഡ് എന്നിവയുടെ പ്രദര്‍ശനവും വിപണനവും നടക്കും.
സൗജന്യ കാര്‍ഷിക തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി അടുക്കളത്തോട്ടം, തേനീച്ച പരിപാലനം, കോഴി വളര്‍ത്തല്‍, ഊര്‍ജ സംരക്ഷണം, (എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണം, പഴയ ബള്‍ബുകളുടെ പുനരുപയോഗം), തുണി കൊണ്ടുള്ള വിവിധ ബാഗുകളുടെ നിര്‍മാണം, തുണികളുടെ പുനരുപയോഗം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.
വ്യാഴാഴ്ച ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് അടുക്കള തോട്ടം നിര്‍മാണം പരിശീലനം നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9562369001