പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാമറവിവാദം : ആധുനിക സംവിധാനങ്ങളില്ല; പരിശോധന ശക്തമാക്കാൻ പോലീസ്
1574862
Friday, July 11, 2025 6:42 AM IST
പേരൂർക്കട: ഇതര സംസ്ഥാനക്കാരനായ വ്യക്തി പത്മനാഭസ്വാമി ക്ഷേത്രത്തിൽ രഹസ്യ കാമറയുമായി ഉള്ളിൽ കടന്ന വിഷയം ഗൗരവമായി കാണുന്നുവെന്നും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ഫോർട്ട് പോലീസ്.
ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രഷാ (66) യാണു കഴിഞ്ഞദിവസം ഒളികാമറയുമായി ക്ഷേത്ര കവാടത്തിനുമുന്നിൽ എത്തിയത്. കണ്ണടയുടെ കാലുകളിൽ രണ്ടു കാമറകളാണ് ഉണ്ടായിരുന്നത്. വെയിൽ വെളിച്ചം കാമറയിൽ വീഴുകയും അതു കണ്ണിൽ അടിക്കുകയും ചെയ്തതു ശ്രദ്ധയിൽപ്പെട്ട ഒരു പോലീസുകാരനാണു വിഷയം ഉന്നതരെ അറിയിച്ചത്. തുടർന്നാണ് സുരേന്ദ്രഷാ പിടിയിലായത്.
കൗതുകത്തിനു വേണ്ടിയാണു കാമറയുമായി ക്ഷേത്രത്തിനുള്ളിൽ കടന്നുവന്നതെന്നു സുരേന്ദ്രഷാ പറയുന്നുണ്ടെങ്കിലും ഗുരുതര സുരക്ഷാവീഴ്ചയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. നിലവിൽ ഭക്തരെ പരിശോധിക്കുന്നതിന് വേണ്ടി മെറ്റൽ ഡിറ്റക്ടർ സംവിധാനം മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തുള്ളത്. ക്ഷേത്രത്തിന്റെ നാലു നടകൾ വഴി ഉള്ളിലേക്ക് പ്രവേശിക്കാനാകും. ഈ ഭാഗത്തെല്ലാം പോലീസിന്റെ പരിശോധനയുണ്ട്.
എന്നാൽ ലോഹഭാഗം അല്ലാത്തതൊന്നും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു കണ്ടെത്താൻ സാധിക്കില്ല എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്. മുമ്പും ഇതേ രീതിയിൽ രഹസ്യ കാമറ കൈവശം വച്ചു ക്ഷേത്രത്തിനുള്ളിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ടോ എന്നുള്ളതും വ്യക്തമല്ല. വീഡിയോ കാമറകളും മൊബൈൽ കാമറകളും ക്ഷേത്ര പരിസരത്തും ഉള്ളിലും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അറിയിപ്പ് ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കാമറയുമായി ക്ഷേത്രത്തിനുള്ളിൽ കടന്നയാളെ യാദൃശ്ചികമായി മാത്രം പോലീസ് പിടികൂടുന്നത്. മെറ്റൽ ഡിറ്റക്ടർ എന്ന ഉപകരണം അല്ലാതെ ആധുനിക സംവിധാനങ്ങൾ ക്ഷേത്ര പരിസരത്ത് ഉപയോഗിച്ചാൽ മാത്രമേ സുരക്ഷ കൂടുതൽ ശക്തമാക്കാൻ സാധിക്കുകയുള്ളൂ.