ഓഖി ദുരന്തത്തിന്റെ നീറ്റൽ മാറാതെ തീരദേശമേഖല
1374608
Thursday, November 30, 2023 1:58 AM IST
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളെ കണ്ണീരിലാഴ്ത്തി കടന്നുപോയ ഓഖിയെന്ന മഹാ ദുരന്തത്തിന് ഇന്ന് ആറ് വർഷം. 2018 നവംബർ 29നും 30ന് പുലർച്ചെയുമായി കലി തുള്ളിയ കടൽ മത്സ്യതൊഴിലാളിക ൾക്കു നൽകിയത് തീരാദുഖത്തിന്റെ ദിനമായിരുന്നു. ആകാശം മുട്ടെ ഉയർന്ന് പൊങ്ങിയ തിരമാലകൾ നിരവധിപേരെ ആഴങ്ങളിലേക്ക് താഴ്ത്തി.
കുറച്ച് പേരുടെ ചേതനയറ്റ ശരീരങ്ങൾ ലഭിച്ചുവെങ്കിലും നൂറിലധികം പേർ ഇപ്പോഴും കാണാമറയത്താണ്. മരണമടഞ്ഞവർക്കായുള്ള പ്രാർഥനകൾ വർഷംതോറും നടത്തുന്ന കുടുംബക്കാരും, കാണാമറയത്തുള്ളവരുടെ തിരിച്ച് വരവും കാത്തിരിക്കുന്നവരും ഇന്നും ഒരു നീറ്റലായി അവശേഷിക്കുന്നു.
ദുരന്തമുണ്ടാകുന്നതിനു തലേദിവസം വൈകുന്നേരംവരെയുള്ള തെളിഞ്ഞ ആകാശവും പ്രശാന്തമായ അന്തരീക്ഷവും കണ്ട് വള്ളമിറക്കിയവരാരും ഇത്തരമൊരു ദുരന്തം തങ്ങളെ വേട്ടയാടുമെന്ന് കരുതിയിരുന്നില്ല. ഉൾക്കടൽവരെ വള്ളമോടിച്ചവരിൽ പലരും വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയെ ചെറുക്കാനാകാതെ മീൻ പിടിത്തം ഉപേക്ഷിച്ച് തീരം ലക്ഷ്യമാക്കി വള്ളമോടിച്ച് രക്ഷപ്പെട്ടു.
എന്നാൽ ഒളിഞ്ഞിരിക്കുന്ന വൻ ദുരന്തത്തിന്റെ വ്യാപ്തി അറിയാതെ 30ന് പുലർച്ചെ വള്ളമിറക്കിയവർകാണ് അപകടം ഉണ്ടായതിൽ ഏറെയും. രാവിലെ പത്ത് മണിയോടെ കടലിന്റെ അന്തരീക്ഷമാകെ മാറുകയായിരുന്നു. മൂടൽ മഞ്ഞ് കൊണ്ട് ആകാശം മൂടി.
കടലിനെ രണ്ടായി പിളർന്ന് ആകാശം മുട്ടെ ഉയർന്ന് പൊങ്ങിയ തിരമാലകൾ മത്സ്യത്തൊഴിലാളികളെ അപ്പാടെ വിഴുങ്ങി. വീശിയടിച്ച കൊടുംകാറ്റിൽ കടലാകെ ഇളകി മറിഞ്ഞു.
ചിലർ രക്ഷപ്പെടാനായി കച്ചിത്തുരുമ്പായി കിട്ടിയ തകർന്നടിഞ്ഞ വള്ളങ്ങളിൽ പിടിച്ച് കിടന്നു. കലങ്ങിമറിയുന്ന കടലിന്റെ പിടിയിൽ നിന്ന് രക്ഷിക്കണമെന്ന നിലവിളി ആരും കേട്ടില്ല. ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്ന സഹപ്രവർത്തകരെ രക്ഷിക്കാൻ കെൽപ്പില്ലാതെ നിസഹായരായി നോക്കി നിന്നവരും കുറവല്ല.
മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളോളം ആർത്തലക്കുന്ന സമുദ്രത്തിൽ രാവും പകലും ജീവൻ മുറുകെപിടിച്ചവരെ രക്ഷാപ്രവർതകരക്കെത്തി രക്ഷിച്ചു. ജില്ലയിൽ പൊഴിയൂർ, പൂവാർ , പുല്ലുവിള, അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളിൽ ഉറ്റവരുടെയും ഉടയവരുടെയും മരണ വാർത്തയെത്തി.
വിഴിഞ്ഞം തീരത്തെ നഷ്ടം ഏറെ ഭയാനകമായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ചിലരുടെ ചേതനയറ്റ ശരീരങ്ങൾ വീടുകളിൽ എത്തിക്കാനായത്. കണ്ടുകിട്ടാത്തവർക്കായി പ്രതീക്ഷ കൈവിടാതെ ഉപ്പോഴും കാത്തിരിക്കുകയാണ് ചിലർ.
കടലമ്മ ചതിക്കില്ലെന്ന കടലിന്റെ മക്കളുടെ വിശ്വാസത്തിനും ഓഖി തിരിച്ചടി നൽകിയ ദിനങ്ങളായിരുന്നു . ദുരന്തത്തിനുശേഷം പഴയ പള്ളിയങ്കണത്തിൽ കെട്ടിയിരുന്ന ഉറ്റവർക്കായുള്ള കാത്തിരിപ്പു കേന്ദ്രം ഒരു മാസംവരെ പ്രവർത്തിച്ചു. വിവിധസേനാ വിഭാഗങ്ങളും മത്സ്യ തൊഴിലാളികളും ദിവസങ്ങളോളം നടത്തിയ തെരച്ചിലിലും നഷ്ടപ്പെട്ടവരെ കണ്ടെത്താനായില്ല.
ഒടുവിൽ കാത്തിരിപ്പ് കേന്ദ്രം പ്രവ ർത്തനം നിർത്തുന്നതായി അധികൃതർ അറിയിച്ചു. നിലവിളിച്ചും തേങ്ങലടിച്ചും, കരഞ്ഞ് കലങ്ങിയ കണ്ണുകളും നീറുന്ന മനസുമായി എല്ലാവരും മടങ്ങി. ആദ്യ വർഷങ്ങളിൽ ആരാധനാലയങ്ങളും വിവിധ സംഘടനകളും നടത്തിയ അനുസ്മരണ യോഗങ്ങളും പ്രത്യേക പ്രാർഥനകളും പതിയെ ഇല്ലാതായി.
എസ്. രാജേന്ദ്രകുമാർ