ഭക്ഷണം ഒരുക്കുന്നതിൽ പാളിച്ച; സ്റ്റാളുകൾ ചോർന്നൊലിച്ചു
1244149
Tuesday, November 29, 2022 12:14 AM IST
തിരൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിൽ തന്നെ സൗകര്യങ്ങളുടെ അപര്യാപ്തത കല്ലുകടിയായി. അഞ്ചു ദിനങ്ങളിലായി തിരൂരിൽ നടക്കുന്ന ജില്ലാ കലാമേളയ്ക്ക് ആഴ്ചക്കൾക്കു മുന്പ് തന്നെ സബ് കമ്മിറ്റികൾ രൂപീകരിച്ച് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ സംഘാടന പിഴവിൽ പല പ്രവർത്തനങ്ങളും താളം തെറ്റി. ഇന്നലെ രാവിലെ പതാക ഉയർത്തിയതോടെ സ്റ്റേജ്, സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായിരുന്നു.
എന്നാൽ ഉച്ചയ്ക്ക് ഇവർക്കുള്ള ഭക്ഷണം ഏറെ വൈകിയാണ് തയാറാക്കിയത്. പ്രധാന മത്സരവേദിയായ ബോയ്സ് സ്കൂളിൽ വച്ചായിരുന്നു പെട്ടെന്നുള്ള ഭക്ഷണം തയാറാക്കൽ. ഇതു നിരവധി വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ഉൗട്ടുപുരയിൽ ഇന്നു മുതലാണ് ഭക്ഷണം തയ്യാറാക്കുക. ഇന്നലെ ഉദ്ഘാടന സമയം ശക്തമായ മഴ പെയ്തതോടെ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ സ്റ്റാളുകൾ ചോർന്നൊലിച്ചു. സ്കൂൾ എൻഎസ്എസ്, ബഡ്സ് സ്കൂൾ തുടങ്ങി സൗജന്യമായും പണമടച്ചും സ്റ്റാളിട്ടവരെയാണ് പന്തൽ ചതിച്ചത്. എൻഎസ്എസ് യൂണിറ്റിന്റെ സ്റ്റാളിൽ പ്രദർശന വസ്തുക്കൾ മഴയിൽ നശിച്ചു. തിരൂരിൽ നിരവധി ജില്ലാ, സംസ്ഥാന കലാമേളകൾ വിജയകരമായി നടത്തിയ പാരന്പര്യം കാത്തു സൂക്ഷിക്കുമെന്നും പിഴവുകളില്ലാതെ വരും ദിവസങ്ങളിൽ മേള കുറ്റമറ്റതാക്കുമെന്നും അധികൃതർ അറിയിച്ചു.