കിടപ്പിലായ രോഗികൾക്ക് തിരൂർക്കാട്ട് സ്നേഹവിരുന്നൊക്കുന്നു
1244348
Wednesday, November 30, 2022 12:02 AM IST
തിരൂർക്കാട്: ദീർഘകാലമായി വീടുകളിൽ രോഗം ബാധിച്ചു കിടപ്പിലായവർക്കും അവരെ പരിചരിക്കലും ശുശ്രൂഷകൾ ചെയ്തു കൊടുക്കുന്നവർക്കായി തിരൂർക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്നേഹവിരുന്നൊക്കുന്നു.
ഡിസംബർ 13ന് തിരൂർക്കാട് വാവാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ദീർഘകാലമായി കിടപ്പിലായ രോഗികൾ, വീൽചെയറുകളിൽ സഞ്ചരിക്കുവാൻ വിധിക്കപ്പെട്ടവർ, അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾ എന്നിവരെയാണ് സ്നേഹവിരുന്നിൽ പങ്കെടുപ്പിക്കുന്നത്. ഇത്തരം രോഗാവസ്ഥയിൽ നിന്നു അൽപം മാനസിക ഉല്ലാസമാണ് ഇതുകൊണ്ടു ഉദേശിക്കുന്നത്.
സ്നേഹവിരുന്നിൽ കലാപരിപാടികൾക്കു ശേഷം വീട്ടിലേക്കു തിരിച്ചു പോകുന്പോൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുവാനാവശ്യമായ വിവിധ സാധനസാമഗ്രികൾ സമ്മാനമായി നൽകാനും സൊസൈറ്റി ആലോചിക്കുന്നു.
ഡിസംബർ 13ന് രാവിലെ പത്തിനു ആരംഭിക്കുന്ന സ്നേഹവിരുന്ന് വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും.
രോഗം ബാധിച്ച് കിടപ്പിലായവരെ ഏങ്ങനെയാണ് പരിചരിക്കേണ്ടതെന്ന വിഷയത്തിൽ വിദഗ്ധരായ ഡോക്ടർമാരുടെ ക്ലാസുകളും ഉണ്ടായിരിക്കും. ജനപ്രതിനിധികളും പൊതുപ്രവർത്തകരും മറ്റു പാലിയേറ്റീവ് സൊസൈറ്റികളുടെ ഭാരവാഹികളും
പരിപാടിയിൽ പങ്കെടുക്കും. പാലിയേറ്റീവ് സൊസൈറ്റിക്ക് കോൽക്കാട്ടിൽ ഇബ്രാഹിം മാസ്റ്ററുടെ സ്മാരകമായി മക്കൾ നൽകുന്ന ഹോം കെയർ വാഹനത്തിന്റെ താക്കോൽദാനവും പാലിയേറ്റീവ് സൊസൈറ്റിക്ക് സ്ഥിരം കെട്ടിടം നിർമിക്കുന്നതിനു ചാലിലകത്ത് ഗഫൂർ ഹാജിയുടെ മക്കൾ നൽകുന്ന ഭൂമിയുടെ ആധാര കൈമാറ്റവും സ്നേഹവിരുന്നിൽ നടക്കും.