ഭരതനാട്യത്തിൽ നഷ്ടമായ ഒന്നാം സ്ഥാനം കുച്ചുപ്പിടിയിലൂടെ തിരിച്ചു പിടിച്ച് അസിൻ
1244945
Friday, December 2, 2022 12:03 AM IST
തിരൂർ: ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ ഫലം വന്നതോടെ ജില്ലാ കലോത്സവത്തിൽ തലനാരിഴക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു നേടാനായ സന്തോഷത്തിലാണ് പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസിലെ അസിൻ പി.എസ്. ബുധനാഴ്ച നടന്ന ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ എ ഗ്രേയ്ഡ് നേടിയെങ്കിലും രണ്ടാം സ്ഥാനമാണ് അസിന് ലഭിച്ചത്. ഇന്നലെ തിരൂർ ബോയ്സ് സ്കൂളിലെ വേദി ഒന്നിൽ നടന്ന എച്ച്.എസ് കുച്ചുപ്പുടി മത്സരത്തിലാണ് അസിന് എ ഗ്രേയ്ഡോടെ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
11 വർഷമായി വിവിധ നൃത്തകലകൾ അഭ്യസിക്കുന്ന അസിൻ സ്വന്തം വിദ്യാലയത്തിലുൾപ്പടെ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട്. സിബിഎസ്ഇ, സഹോദയ കലാമേളയിൽ എ ഗ്രേയ്ഡ് നേടിയ അസിൻ ആദ്യമായാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. നല്ലരീതിയിൽ ഭരതനാട്യം ചെയ്തെങ്കിലും ഒന്നാം സ്ഥാനം ലഭിക്കാത്തതിൽ ഏറെ നിരാശയുണ്ടായിരുന്നതായും കുച്ചിപ്പുടി മത്സരഫലം സന്തോഷവും ഏറെ പ്രതീക്ഷയും നൽകുന്നതാണെന്നും അസിൻ പറഞ്ഞു. കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് നാടോടി നൃത്തത്തിലും അസിൻ
മത്സരിക്കുന്നുണ്ട്.
വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ഡാൻസ് പഠിക്കുന്നതിന് പൂർണ പിന്തുണ ലഭിക്കുന്നതായും അസിൻ പറഞ്ഞു. ഡാൻസിനു പുറമെ പഠനത്തിലും അസിൻ മിടുക്കിയാണെന്ന് അധ്യാപകർ പറഞ്ഞു.
തുടർന്നും പഠനത്തോടൊപ്പം നൃത്തകലയും മുന്നോട്ടുകൊണ്ടുപോകാനാണ് അസിന്റെ പദ്ധതി. പെരിന്തൽമണ്ണ ഒലിങ്കര പൂവത്തിങ്കൽ അബ്ദുൽ സലാമിന്റെയും പി.എസ് ജസീദയുടെയും ഏക മകളാണ് അസിൻ.