തിരൂരങ്ങാടി പോലീസിനു വീഴ്ച: വാഹനാപകട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1263780
Wednesday, February 1, 2023 12:02 AM IST
മലപ്പുറം: സിസിടിവി ദ്യശ്യങ്ങളും ദൃക്സാക്ഷികളുമില്ലാത്ത വാഹനാപകട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരൂരങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത 604/2020 നന്പർ കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് കമ്മീഷൻ അംഗം കെ.ബൈജു നാഥ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച യുവാവായ റിൻഷാദിന്റെ പിതാവ് പന്താരങ്ങാടി പൂക്കത്ത് വിട്ടൽ പി.കെ. അബ്ദുൾ റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തി. തിരൂരങ്ങാടി പോലീസ് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ട് തള്ളിയ ശേഷമാണ് കമ്മീഷൻ നേരിട്ട് അന്വേഷിച്ചത്. മരിച്ച യുവാവിന്റെ ബൈക്കിൽ തട്ടിയെന്ന് സംശയിക്കുന്ന പിക്ക് അപ് വാനിന് സംഭവസമയത്ത് ഇൻഷ്വറൻസ് ഉണ്ടായിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം ഇൻഷുറൻസ് എടുത്തതിനെ കുറിച്ച് തിരൂരങ്ങാടി പോലീസ് അന്വേഷിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. പിക് അപ്പിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് ഏജന്റ് കമ്മീഷനെ അറിയിച്ചു. മരിച്ച യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവ സമയത്ത് അടുത്ത വീട്ടിൽ ഉണ്ടായിരുന്ന സിസിടിവി ദ്യശ്യങ്ങൾ പോലീസ് ബന്തവസിലെടുത്തില്ല. അതിനാൽ വാഹനങ്ങളുടെ വേഗത കണ്ടെത്താനായില്ല.
പിക് അപ് തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്ന ബന്ധുക്കളുടെ ആരോപണം തെളിയിക്കാൻ വാഹനങ്ങളുടെ ഫോറൻസിക് പരിശോധന നടത്തിയില്ല. തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകളാണ് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി സ്വീകരിക്കുന്ന നടപടികൾ ഒരു മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.