അംഗീകാരവുമായി നിലമ്പൂര്‍ മാനവേദന് സ്കൂള്‍ എന്‍എസ്എസ് ടീം
1453267
Saturday, September 14, 2024 5:09 AM IST
നിലമ്പൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ജില്ലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയര്‍മാരായി നിലമ്പൂര്‍ ഗവണ്മെന്റ് മാനവേദന് വിഎച്ചഎസ്ഇ വിഭാഗത്തിലെ കുട്ടികള്‍. പൊതുവിദ്യാഭ്യാസവകുപ്പിന്റെ 2023-24 വര്‍ഷത്തെ ജില്ലയിലെ മികച്ച വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) പുരസ്കാരമാണ് നിലമ്പൂര്‍ മാനവേദന് വിഎച്ച്എസ്ഇ യൂണിറ്റിന് ലഭിച്ചത്.
സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് നടത്തിയ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളാണ് അംഗീകാരം നേടിക്കൊടുത്തത്. സംസ്ഥാനത്ത് ശ്രദ്ധനേടിയ ആയിരം ആര്യവേപ്പ് നിലമ്പൂരിന് പദ്ധതി, സാന്ത്വന ചികിത്സാ പ്രവര്‍ത്തനങ്ങളുടെ സമാഹരണത്തിന് ചെണ്ടുമല്ലി കൃഷി, സ്നേഹഅടുക്കള,
രക്തദാന ക്യാമ്പ്, ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്, കേശദാനം, ഭിന്നശേഷി കുട്ടികള്‍ക്കായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, പഠനോപകരണ വിതരണ പ്രവര്‍ത്തനങ്ങള്‍, സ്നേഹാരാമം പദ്ധതി, ജലം ജീവിതം പദ്ധതി, ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് പുരസ്കാരം തേടിയെത്തിയത്.
സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ വി.ജി. ലീനാകുമാരിയാണ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസര്‍. ഗ്രീന്‍ കാമ്പസ് ക്ലീന്‍ കാമ്പസ്, ബയോ ഡൈവേഴ്സിറ്റി പാര്‍ക്ക്, വയനാടിന് ഒരു കൈത്താങ്ങ്, സ്നേഹവീട് എന്നീ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതികള്‍.