കാട്ടുപന്നി ശല്യം രൂക്ഷം: 13 പന്നികളെ വെടിവച്ച് കൊന്നു
1576519
Thursday, July 17, 2025 5:53 AM IST
നിലന്പൂർ: മന്പാട് പഞ്ചായത്തിൽ കാട്ടുപന്നി വേട്ട. ഒറ്റ ദിവസം വെടിവച്ച് കൊന്നത് 13 കാട്ടുപന്നികളെ. കാട്ടുപന്നി ശല്യം രൂക്ഷമായ മന്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട വാർഡിലെ പള്ളിപ്പടി, ചെമ്മരം, കൂട്ടിലങ്ങാടി, കാട്ടുമുണ്ട ഭാഗങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികളെയാണ് മന്പാട് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയ തോക്ക് ലൈസൻസുള്ള ഷൂട്ടർ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാർ വെടിവച്ച് കൊന്നത്. തുടർന്ന് വനപാലകരുടെ സാന്നിധ്യത്തിൽ മണ്ണെണ്ണ ഒഴിച്ച് ജഡങ്ങൾ കുഴിച്ചിട്ടു.
മന്പാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ടു ദിവസങ്ങളിലായി കാട്ടുപന്നികളുടെ ആക്രമണങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. സ്വകാര്യ സ്ഥലങ്ങളിലെ കുറ്റിക്കാടുകളിലും ചതുപ്പുനിലങ്ങളിലുമായി നൂറുക്കണക്കിന് കാട്ടുപന്നികളാണുള്ളത്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികൾ പുലർച്ചെയാണ് മടങ്ങുന്നത്.
ടാപ്പിംഗ് തൊഴിലാളികൾ, പ്രഭാത സവാരിക്കാർ, തൊഴിലാളികൾ, മദ്രസകളിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെ കാട്ടുപന്നി ശല്യം മൂലം ഭീതിയിലാണ്. വരും ദിവസങ്ങളിലും പന്നികളെ വെടിവച്ച് കൊല്ലാൻ നടപടി ഉണ്ടാകുമെന്ന് കാട്ടുമുണ്ട വാർഡ് അംഗം വെള്ളംകുന്നൻ ശിഹാബ് പറഞ്ഞു.