ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഎമ്മിനെതിരേ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി
1576527
Thursday, July 17, 2025 5:53 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെതിരെ സിപിഎം നടത്തുന്നത് വില കുറഞ്ഞ ആരോപണങ്ങളാണെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതാക്കൾ. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് യുഡിഎഫ് യാതൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.
കോട്ടക്കൽ റോഡിൽ നിന്ന് കോഴിക്കോട് റോഡിലേക്ക് നേരിട്ട് പ്രവേശിക്കുവാൻ സഹായിക്കുന്ന വലിയവീട്ടിൽപടി - ഓരോടംപാലം വീതികൂട്ടി റബറൈസ്ഡ് ചെയ്യുന്നതിന് 65 ലക്ഷം രൂപ പഞ്ചായത്ത് ഭരണസിമിതി വകയിരുത്തുകയും ഈ പ്രവൃത്തി നടന്നുവരികയുമാണ്.
ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസിന് അന്പത് ലക്ഷവും പഞ്ചായത്ത് വകയിരുത്തി. ഇതിനാവശ്യമായ ബാക്കി തുക കണ്ടെത്തുന്നതിന് ഭരണസമിതി കഠിനശ്രമത്തിലാണ്. അടുത്ത തവണ യുഡിഎഫ് പഞ്ചായത്തിൽ അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന ഈ അണ്ടർപാസിനായിരിക്കുമെന്ന് ഭരണസമിതി നേതാക്കൾ പറഞ്ഞു. സംസ്ഥാനതലത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഓരോടംപാലം -മാനത്തുമംഗലം ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് സംസ്ഥാന നേതൃത്വം പഞ്ചായത്ത് ഭരണസമിതിക്ക് ഉറപ്പ് നൽകിയിട്ടുമുണ്ട്.
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിന് ഒന്പത് വർഷമായി അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ യാതൊന്നും ചെയ്യാത്തതിൽ സിപിഎം പ്രവർത്തകർക്കുള്ള അമർഷം മനസിലാക്കി പഞ്ചായത്തിനെ മറയാക്കി അവരെ കബളിപ്പിക്കാനാണ് ചില സിപിഎം നേതാക്കൾ ശ്രമിക്കുന്നത്.
ഇത് അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ സുനിൽബാബു വാക്കാട്ടിൽ, പഞ്ചായത്ത് അംഗം പി.പി. ഷിഹാബ് എന്നിവർ പറഞ്ഞു.