അറ്റകുറ്റപ്പണി നടത്തിയിട്ട് 15 വർഷം : വോട്ട് വേണമെങ്കിൽ റോഡ് വേണമെന്ന് പ്രദേശവാസികൾ
1576526
Thursday, July 17, 2025 5:53 AM IST
നിലന്പൂർ: വോട്ട് വേണമെങ്കിൽ റോഡ് വേണം. നിലന്പൂർ നഗരസഭയിലെ മുമ്മുള്ളി ഡിവിഷനിലെ നൂറിലധികം കുടുംബങ്ങളാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. മയ്യന്താനി -വെള്ളിയന്പാടം കുറുന്തോട്ടുമണ്ണ റോഡാണ് കുഴികൾ നിറഞ്ഞ് യാത്രാ ക്ലേശം നേരിടുന്നത്. ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആര്യാടൻ മുഹമ്മദ് എംഎൽഎ ആയിരുന്ന സമയത്താണ് ഈ റോഡ് ടാറിംഗ് പ്രവൃത്തി നടത്തി ജനങ്ങൾക്ക് തുറന്ന് കൊടുത്തത്. റോഡ് ടാറിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് അന്ന് സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതാണ് റോഡിന്റെ നിലവിലെ അവസ്ഥക്ക് കാരണം. വനംവകുപ്പിന്റെ കൂടി സ്ഥലത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നതെന്ന കാരണത്താലാണ് റീ ടാറിംഗ് നടത്താതെ നീണ്ടുപോകുന്നത്.
2019 ലെ പ്രളയകാലത്തിലുൾപ്പെടെ ഈ റോഡ്, ബൈപ്പാസ് റോഡ് പോലെ ജനങ്ങൾക്ക് പ്രയോജനകരമായിരുന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ ഉപയോഗിച്ച റോഡാണിത്. നഗരസഭ ചെയർമാൻ മുൻകൈയെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് സർവകക്ഷി യോഗം ചേർന്ന് നിലവിലെ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നും റോഡ് ടാറിംഗ് നടത്താനുള്ള നടപടി സ്വീകരിക്കണമെനുമാണ് നാട്ടുകാരുടെ ആവശ്യം. 15 വർഷത്തിലേറെയായി അറ്റകുറ്റപ്പണി നടത്താതെ തകർന്നു കിടക്കുകയാണ് റോഡ്.
നിലന്പൂരിൽ ഉൾപ്പെടെ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലൂടെ ടാറിംഗ് റോഡുകൾ ഉണ്ടെന്നാണ് പ്രദേശത്തെ കുടുംബങ്ങൾ പറയുന്നത്. അതിനാൽ ഈ റോഡ് മാത്രം സങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിക്കരുത്.
അടിയന്തരാവശ്യങ്ങൾക്ക് വാഹനങ്ങളെ വിളിച്ചാൽ പോലും വരാൻ കൂട്ടാക്കുന്നില്ല. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വേണമെങ്കിൽ ആദ്യം റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.