കരുവാരകുണ്ടിൽ വൻ കൃഷിനാശം വരുത്തി കാട്ടാനകൾ : 400 റബർതൈകൾ ചവിട്ടിമെതിച്ചു
1576757
Friday, July 18, 2025 5:32 AM IST
കരുവാരകുണ്ട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റബർതൈകളും വാഴകളും നശിപ്പിച്ചു. കരുവാരകുണ്ട് വട്ടമല മേഖലയിലാണ് സംഭവം. മറ്റത്തൂർ ഹംസയുടെ കൃഷിയിടത്തിലാണ് നാശനഷ്ടം ഏറെയും.
600 റബർതൈകളിൽ 400 എണ്ണവും കാട്ടാനകൾ ഒടിച്ച് ഭക്ഷണമാക്കി. റബർ കൈകൾ നട്ട സ്ഥലം ശൂന്യമായെന്നും നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഹംസ പറഞ്ഞു. പ്രദേശത്തുതന്നെ ചെറുകിട കർഷകരുടെ വാഴകളും കമുകുകളും കാട്ടാനകൾ ചവിട്ടി നാശം വരുത്തിയിട്ടുണ്ട്. കാലവർഷം ആരംഭിച്ചതുമുതൽ കൃഷിയിടം വിട്ടൊഴിയാതെ കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത് കർഷകരെ ഭീതിയിലാക്കുന്നുണ്ട്.
ആനകൾക്ക് പുറമെ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും കർഷകർക്ക് ദുരിതം സമ്മാനിക്കുകയാണ്. മാസങ്ങൾക്ക് മുന്പ് ഇവിടെ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. നിർധനരായ കർഷകർ അവരുടെ ഭൂമിയിൽ ജീവൻ പണയംവച്ചാണ് കൃഷി ചെയ്യുന്നത്.
വെയിലും മഴയും തരണം ചെയ്ത് വിളകളെ പരിപാലിക്കുകയും അവസാനം കാട്ടാനകളടക്കമുള്ള വന്യജീവികൾ വിളവെടുക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാലങ്ങളായി കണ്ടുവരുന്നതെന്നും കർഷകർ പറയുന്നു. അതേ സമയം കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി വിളനാശം വരുത്തുന്നത് തടയാൻ വനാതിർത്തികളിൽ സൗരോർജ വേലി നിർമാണത്തിന് കോടിക്കണക്കിന് രൂപ സർക്കാർ നീക്കി വയ്ക്കുന്നുണ്ടങ്കിലും ആ തുക വകമാറ്റി ചെലവഴിക്കുകയാണന്നും കർഷകർക്ക് പരാതിയുണ്ട്.
സൗരോർജ വേലി നിർമാണത്തിന്റെ മറവിൽ ചിലർ തീവെട്ടി കൊള്ള നടത്തുന്നതായും മലയോര കർഷകർ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെയും വനംവകുപ്പിന്റെയും അതീവ ശ്രദ്ധ അനിവാര്യമാണന്നും കർഷകർ ആവശ്യപ്പെടുന്നു.