മാർ ഇവാനിയോസ് അനുസ്മരണവും പദയാത്രയും 20ന്
1577103
Saturday, July 19, 2025 5:43 AM IST
എടക്കര: ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ എഴുപത്തിരണ്ടാമത് ഓർമപ്പെരുന്നാളും അനുസ്മരണ പദയാത്രകളും 20ന് ഉപ്പട സെന്റ് പോൾസ് ദേവാലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി ഭദ്രാസനത്തിന് കീഴിലെ എടക്കര വൈദീക ജില്ലയിലെ പതിനഞ്ച് ദേവാലയങ്ങൾ സംയുക്തമായാണ് ഓർമതിരുനാളും പദയാത്രകളും സംഘടിപ്പിക്കുന്നത്.
രാവിലെ എട്ടിന് പാതിരിപ്പാടം സെന്റ് മേരീസ് കത്തോലിക്ക ദേവാലയ കുരിശടിയിൽ നിന്നും പോത്തുകൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമായി രണ്ട് പദയാത്രകൾ ആരംഭിക്കും. 9.30ന്് ഇരു പദയാത്രകളും സംഗമിച്ച് ഉപ്പട സെന്റ് പോൾസ് ദേവാലയത്തിൽ പ്രവേശിക്കും. പദയാത്രയുടെ വിവിധ കേന്ദ്രങ്ങളിൽ ഫാ. സണ്ണി കൊല്ലാർതോട്ടം, ഫാ. ജോഷ്വ കുറ്റിയിൽ, ജോസ് പറക്കുംതാനം, റെന്നി പാറയ്ക്കൽ പുത്തൻവീട്, ഷൈജു വാലേൽ, ബാബു തയ്യിൽപീടിക എന്നിവർ സന്ദേശങ്ങൾ നൽകും.
ഉപ്പട സെന്റ് പോൾസ് ദേവാലയത്തിൽ എടക്കര വൈദീക ജില്ലയിലെ വൈദീകർ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാന നടക്കും. തുടർന്ന് ഫാ. സിബി പൂവത്തുംതറ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അവർഡ്ദാനം വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടക്കും.
തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ഫാ.തോമസ് കല്ലൂർ, ലാസർ പുത്തൻകണ്ടത്തിൽ, ഫാ.ഇമ്മാനുവൽ മുകളേത്ത് കിഴക്കേതിൽ, മർക്കോസ് ഇച്ചിപ്പിള്ളിൽ, ചാക്കോ നരിമറ്റത്തിൽ, സാബു പൊൻവേലിൽ എന്നിവർ പങ്കെടുത്തു.