വന്യമൃഗശല്യം: പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഇന്ന്
1577100
Saturday, July 19, 2025 5:43 AM IST
കരുവാരകുണ്ട്: വർധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിൽ വൻ പ്രതിഷേധറാലിയും പൊതുസമ്മേളനവും ഇന്ന് കരുവാരകുണ്ടിൽ നടക്കും. വൈകുന്േനേരം നാലിന് കിഴക്കേത്തല ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് റാലി ആരംഭിക്കും.
ചോക്കാട്, കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിനാളുകൾ റാലിയിൽ സംബന്ധിക്കും. ഒരു കടുവയെ മാത്രം പിടിച്ചാൽ മലയോര ജനതയുടെ ഭീതി അകറ്റാനാകില്ലെന്നും കർഷകരും തൊഴിലാളികളും ജീവൻ പണയം വച്ചാണ് കൃഷിയിടങ്ങളിലേക്ക് പുറപ്പെടുന്നതെന്നും കിഫ നേതാക്കൾ ചൂണ്ടിക്കാട്ടി.
ഏതാനും വർഷങ്ങളായി കൃഷിയിടങ്ങളിൽ അപകടകാരികളായ കാട്ടുമൃഗങ്ങളുടെ താവളമാണെന്നും ഇതിനെതിരെ പരാതിപ്പെട്ടാൽ വനം വകുപ്പ് മേധാവികളുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകാറില്ലെന്നും നേതാക്കൾ വ്യക്തമാക്കി. കർഷക റാലിക്കു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ കിഫ മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ അധ്യക്ഷത വഹിക്കും. കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തും.