"നിലമ്പൂർ റെയിൽവേ അടിപ്പാത ഓണത്തിന് മുന്‍പ് തുറക്കും'
1576765
Friday, July 18, 2025 5:32 AM IST
നിലമ്പൂർ: നിലമ്പൂർ റെയില്‍വേ അടിപ്പാത ഓണത്തിന് മുമ്പ് തുറക്കുമെന്ന് റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിൽ അമൃത് സ്റ്റേഷൻ പ്രവൃത്തി ഉടൻ പൂർത്തീകരിക്കുമെന്നും ഡിആർഎം അറിയിച്ചു.
അമൃത് സ്റ്റേഷൻ പ്രവൃത്തി വിലയിരുത്താനെത്തിയതായിരുന്നു ഡിആർഎം. രാജ്യറാണി എക്സ്പ്രസിന് ഒരു എസി ത്രീ ടയർ, ഒരു ജനറൽ ഉൾപ്പെടെ രണ്ട് കോച്ചുകൾ വർധിപ്പിക്കും. കോട്ടയം എക്സ്പ്രസിന് ഒരു എസി കോച്ചും ഒരു നോൺ എസി കോച്ചും ഉൾപ്പെടുത്തും.
മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ പ്രവൃത്തി ഈ വർഷം പൂർത്തീകരിക്കുമെന്നും ഡിആർഎം പറഞ്ഞു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിൽ നടക്കുന്ന അമൃത് സ്റ്റേഷൻ പ്രവൃത്തികളും റെയിൽവെ അടിപ്പാത പ്രവൃത്തിയും ഡിആർഎം നേരിൽകണ്ട് വിലയിരുത്തി.
പി.വി. അബ്ദുൽ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എം എൽഎ തുടങ്ങിയവരുമായി ഡിആർഎം ചർച്ച നടത്തി.