മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
1577083
Saturday, July 19, 2025 5:03 AM IST
എടക്കര: എടക്കരയിൽ വൻ കഞ്ചവ് വേട്ട. മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടുപേർ എടക്കര പോലീസിന്റെ പിടിയിലായി.
കൊണ്ടോട്ടി കൊളത്തൂർ സ്വദേശി പുതിയവീട്ടിൽ അനസ് (42), തൃശൂർ ചിറയമനങ്ങാട് കാരേങ്ങൽ ഹക്കീം (42) എന്നിവരെയാണ് എടക്കര എസ്ഐ പി. ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെത്തുർന്ന് നിലന്പൂർ ഡിവൈഎസ്പി സജു കെ. അബ്രഹാമിന്റെ നിർദേശ പ്രകാരം എടക്കര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കഞ്ചാവുമായി പിടിയിലായത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട്- നിലന്പൂർ - ഉൗട്ടി റോഡിൽ പൂച്ചക്കുത്തിൽ വച്ചാണ് മീൻ വണ്ടിയിൽ കടത്തിയ കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു പ്രതികൾ കഞ്ചാവ് കടത്തിയത്.
തെർമോക്കോൾ പെട്ടികളിൽ കഞ്ചാവ് നിറച്ച് അതിന് മുകളിൽ മത്സ്യം നിറച്ച പെട്ടികൾ അടുക്കിവച്ചായിരുന്നു കഞ്ചാവ് കടത്ത്. പതിനാറ് കിലോ കഞ്ചാവ് പെട്ടികളിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മുന്പും ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് അറസ്റ്റിലായ ഹക്കീം. പ്രതികളെ ഇന്ന് നിലന്പൂർ കോടതിയിൽ ഹാജരാക്കും.