സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ് മഞ്ചേരിയിൽ
1576763
Friday, July 18, 2025 5:32 AM IST
മഞ്ചേരി: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖല സംഘടിപ്പിക്കുന്ന ജില്ലാ സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ് "ലിങ്ക്വ ഫാന്റ 25' ഓഗസ്റ്റ് 23 ന് മഞ്ചേരി ബെഞ്ച് മാർക്സ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. കുട്ടികൾക്ക് ആധുനിക ഭാഷാപഠന സങ്കേതങ്ങൾ, സിബിഎസ്ഇ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തി നിഷ്കർഷിച്ച ആധുനിക ഇംഗ്ലീഷ് ഭാഷാ പഠനരീതികൾ എന്നിവ പരിചയപ്പെടുത്തുകയെന്നതാണ് ഫെസ്റ്റ് ലക്ഷ്യം വയ്ന്നത്.
മൂന്നു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളെ മൂന്ന് വിഭാഗങ്ങളും ഒരു പൊതുവിഭാഗവുമാക്കിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അത്യാധുനിക ഇനങ്ങളായ ഹൊറിഫിക് റിസൈറ്റൽ, മോക്ക് ഇന്റർവ്യൂ, കോറൽ റെസ്റ്റേഷൻ സ്ലാം പോയട്രി, കോ ടീച്ചിംഗ്, ഗ്രൂപ്പ് നരേഷൻ എന്നിവയും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഫെസ്റ്റ് മാന്വൽ വിശദീകരിക്കുന്നതിനായി മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് അധ്യാപക സംഗമവും ലോഗോപ്രകാശനവും സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ നിർവഹിച്ചു.
ജനറൽ സെക്രട്ടറി എം. ജൗഹർ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ. ഉണ്ണികൃഷ്ണൻ നിയമാവലികൾ വിശദീകരിച്ചു. മാനേജിംഗ് ട്രസ്റ്റി സി.സി. ഉസ്മാൻ, വൈസ് പ്രിൻസിപ്പൽ സുഭാഷ് പുളിക്കൽ, ടിന ഖലീം, അജിത്, സുരേഷ് തിരുവാലി, സഹോദയ ഭാരവാഹികളായ സിസ്റ്റർ സ്മിത വർഗീസ്, കെ. പ്രദീപ്, ബീന ചന്ദ്രശേഖരൻ, എ.എൻ. ശില്പ, സോന മോഹൻ, ഷംല സമീർ, സുപ്രിയ എസ്. മേനോൻ എന്നിവർ പ്രസംഗിച്ചു.