സ്കൂൾ പരിസരത്ത് കഞ്ചാവുമായി ഒരാൾ പിടിയിൽ
1577105
Saturday, July 19, 2025 5:44 AM IST
മഞ്ചേരി: പുൽപ്പറ്റ പൂക്കൊളത്തൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. തിരൂർ താനാളൂർ സ്വദേശി ചക്കിയത്ത് അലവിയെയാണ് (57) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10 ന് പൂക്കൊളത്തൂർ സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ നിന്നാണ് പ്രതി പിടിയിലായത്.
ഇയാളിൽ നിന്ന് 1176 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്കൂട്ടറിന്റെ ഡിക്കിയിൽ പോളിത്തീൻ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സംശയം തോന്നിയ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതി സ്കൂൾ പരിസരത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. കിഴിശേരിയിൽ നിന്ന് ഒരു അന്തർ സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് മൊഴി നൽകിയിട്ടുണ്ട്.