ബഷീർ പുസ്തകചർച്ചയും ആസ്വാദനക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു
1576764
Friday, July 18, 2025 5:32 AM IST
മഞ്ചേരി: ഒരുമാസത്തെ വായന പക്ഷാചരണത്തോടനുബന്ധിച്ച് സ്കൂളിലെ സാഹിത്യ തൽപരരായ രക്ഷിതാക്കൾക്കായി പുസ്തക ചർച്ചയും ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പു മത്സരവും സംഘടിപ്പിച്ചു. ബഷീർ കൃതികളായ ശബ്ദങ്ങൾ, ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട്, നീലവെളിച്ചം, ബാല്യകാലസഖി എന്നിവയെ അടിസ്ഥാനമാക്കിയാണ് പുസ്തകചർച്ച സംഘടിപ്പിച്ചത്.
നേരത്തെ വിദ്യാരംഗം ഏർപ്പെടുത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം കുറിപ്പുകളുടെ രചയിതാക്കളാണ് ചർച്ചയ്ക്കെത്തിയത്. എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം രക്ഷിതാക്കളുടെ രചനകളെ വിലയിരുത്തി സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും സമ്മാനങ്ങളും നൽകി.
സ്കൂൾ മാനേജർ കെ.എം.എ. ഷുക്കൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.എം.എ. സലീം അധ്യക്ഷത വഹിച്ചു. കെ. ലളിത മോഡറേറ്ററായിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനർ വിജി, പിടിഎ പ്രസിഡന്റ് റഷീദലി, വിദ്യാരംഗം അസിസ്റ്റന്റ് കണ്‍വീനർ സിതാര, എൻ.വി. സുബീന എന്നിവർ പ്രസംഗിച്ചു.