സമുദ്ര തീരങ്ങളും നദീതടങ്ങളും കേന്ദ്രീകരിച്ചുള്ള ചരിത്രപഠനം ഉണ്ടാവുന്നില്ല എന്നതു നിര്‍ഭാഗ്യകരം: ഹരികൃഷ്ണൻ
1226107
Thursday, September 29, 2022 11:58 PM IST
കോഴിക്കോട്: കേരളത്തിന്റെ സമുദ്ര തീരങ്ങളും നദീതടങ്ങളും കേന്ദ്രീകരിച്ചുള്ള ചരിത്രപഠനം ഉണ്ടാവുന്നില്ല എന്നതു നിര്‍ഭാഗ്യകരമാണെന്നു മാധ്യമപ്രവര്ത്തകന് ഹരികൃഷ്ണന് ഹരിദാസ്.
ഇത്തരമൊരു പഠനം നടക്കരുതെന്ന ഒരു വിഭാഗം ചരിത്രകാരന്മാരുടെ നിലപാടാണ് കേരളത്തിന്റെ യഥാര്‍ഥ ചരിത്രം വെളിച്ചം കാണുന്നതിനു തടസമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള സര്‍ഗസംവാദത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നു വിരമിച്ച പ്രഫ. പത്മിനി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
സമുദ്ര തീരങ്ങളും നദീതടങ്ങളും കേന്ദ്രീകരിച്ചു കേരള ചരിത്ര പഠനം നടത്തിയാല്‍ ഭൗതികമായും ആധ്യാത്മികമായും ഔന്നത്യം പുലര്‍ത്തിയിരുന്ന സംസ്കാരം ഇവിടെ നിലനിന്നിരുന്നു എന്നു വെളിപ്പെടുമെന്നു ഹരികൃഷ്ണന് ചൂണ്ടിക്കാട്ടി.
പുസ്തകോത്സവത്തിന്റെ ഭാഗമായി കവി പി.പി. ശ്രീധരനുണ്ണിയുമായി കാവാലം ശശികുമാര്‍ അഭിമുഖം നടത്തി. പുസ്തകചര്‍ച്ചയില്‍ പി.പി. ശ്രീധരനുണ്ണി, കെ.ജി. രഘുനാഥ്, പി. ബാലകൃഷ്ണന്, കെ. മോഹന്‍ദാസ്, കാവാലം ശശികുമാര്‍, ഷാബു പ്രസാദ് എന്നിവര്‍ പങ്കെടുത്തു.