പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് നൂതനമായ ആശയം: മന്ത്രി വി.ശിവൻകുട്ടി
1243526
Sunday, November 27, 2022 3:37 AM IST
കൂരാച്ചുണ്ട്: പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ കാലാവസ്ഥയെ കുറിച്ച് പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ചത് നേരിൽ കണ്ട് മനസിലാക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. ഇതിലൂടെ ഓരോ കുട്ടിയേയും കാലാവസ്ഥാ നിരീക്ഷകരാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രളയം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാ മാറ്റം അറിയുവാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ൻഗേജ്, തെർമോമീറ്റർ, മോണിറ്റർ, വെതർ ഡാറ്റാ ബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ഉണ്ടാവുക.
ജില്ലയിലെ 18 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. പ്രാഥമിക ഡാറ്റ സ്കൂൾ വിക്കിയിലും വിശദഡാറ്റ എസ്എസ്കെയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും.
ചടങ്ങിൽ കെ.എം. സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ചക്കിട്ടപാറയിലെ അഞ്ചാംക്ലാസ് വിദ്യാർഥി അഭികൃഷ്ണ വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിച്ചു.
ജോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീലു ശ്രീപതിയെയും സബ്ജില്ലാ കലോത്സവത്തിൽ വിജയിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.കെ. രജിത, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, വൈസ് പ്രസിഡന്റ് ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ നാരായണൻ, ബിൻഷ, പഞ്ചായത്തംഗം ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.