ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചത് കർഷകരെ വിഡ്ഢിയാക്കാൻ: എഎപി
1592877
Friday, September 19, 2025 5:15 AM IST
കൂടരഞ്ഞി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണം എന്ന പേരിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചത് മലയോര കർഷകരെ വിഡ്ഢികളാക്കാനുള്ള നീക്കമാണെന്ന് ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തു പ്രസിഡന്റിന് അധികാരം ലഭിച്ചതിനു ശേഷം ഇതുവരെ കൂടരഞ്ഞി പഞ്ചായത്തിൽ പതിമൂന്ന് കാട്ടുപന്നികളെ മാത്രമാണ് വെടിവച്ചു കൊന്നത്. പുലി, കടുവ, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം കൃഷിയിടങ്ങളിൽ മാത്രമല്ല ജന ജീവിതത്തെയും സരമായി ബാധിച്ചിട്ടുണ്ട്.
പകൽസമയത്ത് പോലും ജനങ്ങൾക്ക് നേരേ ആക്രമണം ഉണ്ടാകുന്നു. എംപാനൽ ഷൂട്ടർമാർക്ക് മതിയായ പ്രതിഫലം നൽകാത്തതും കാട്ടുപന്നി ശല്യം രൂക്ഷമാകാൻ കാരണമായെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പുകൾ വരുന്പോൾ ഇത്തരം നീക്കങ്ങളുമായി മുന്നോട്ടുവരാതെ ശാശ്വതമായ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ജോബി പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
മനു പൈബിളിൽ, ജോസ് മുള്ളനാനിയിൽ, ബാബു ഐക്കര, ജോയി കളത്തിപറമ്പിൽ, ഫ്രാൻസിസ് പുന്നകുന്നേൽ, ബൈജു വരിക്കാനി, ജോഷി തുളുവനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.