ലോട്ടറി തൊഴിലാളികള്‍ ആദായനികുതി ഓഫീസ് മാര്‍ച്ച് നടത്തി
1592876
Friday, September 19, 2025 5:15 AM IST
കോഴിക്കോട്: കേരള ലോട്ടറിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് ലോട്ടറി തൊഴിലാളികളും ഏജന്റുമാരും മാര്‍ച്ച് നടത്തി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഭാഗ്യക്കുറി സംരക്ഷണ സമിതി ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന് (എഐടിയുസി) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എം. ജമാല്‍ ഉദ്ഘാടനം ചെയ്തു. എ.സി. തോമസ് (ഐഎന്‍ടിയുസി) അധ്യക്ഷത വഹിച്ചു. സി.സി. രതിഷ് (സിഐടിയു),വി.കെ. മോഹന്‍ദാസ് (സിഐടിയു), ഷാജു പൊന്‍പാറ (ഐഎന്‍ടിയുസി), നസുറുദ്ധീന്‍ (വിവിഎസ് - കെഎല്‍എ), ബി.കെ. ബാലകൃഷ്ണന് (സിഐടിയു), വിനയകൃഷ്ണന്‍ (വ്യാപാര സമിതി), കബീര്‍ സലാല (എച്ച്എംഎസ്), പി.കെ. മുഹമ്മദ് (എഐടിയുസി) എന്നിവര്‍ സംസാരിച്ചു.
2017ല്‍ ജിഎസ്ടി ആരംഭിച്ചതുമുതല്‍ 12 ശതമാനമായിരുന്നു നികുതി. എന്നാല്‍ 2020 ആകുമ്പോള്‍ ഇത് 28 ശതമാനമായി. ഇപ്പോള്‍ 40 ശതമാനക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ തീരുമാനം തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കുകയും ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ടു ലക്ഷത്തോളം പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയുമാണ്.
ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പെന്ഷന്, ബോണസ് ചികിത്സ ധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍ എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെയും നികുതി വര്‍ധന പ്രതികൂലമായി ബാധിക്കുകയാണ്. ലോട്ടറിയിലെ വരുമാനം ഉപയോഗിച്ചുള്ള കാരുണ്യ ചികിത്സ പദ്ധതിയേയും ഇത് തകരാറിലാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് വ്യക്തമാക്കി.