നിരാഹാര സമരം ഫലം കണ്ടു : കക്കയത്ത് കെഎസ്ഇബിയ്ക്ക് ഭൂമി വിട്ടു നൽകിയ കുടുംബങ്ങൾക്ക് പ്രശ്ന പരിഹാരം
1592873
Friday, September 19, 2025 5:08 AM IST
കൂരാച്ചുണ്ട്: കക്കയത്തെ പവർ ഹൗസ് നിർമാണത്തിന്റെ ഭാഗമായി ഇരുപത് വർഷം മുമ്പ് കെഎസ്ഇബിയ്ക്ക് പെൻസ്റ്റോക് നിർമാണത്തിനായി ഭൂമി വിട്ടു നൽകിയവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകാത്ത വിഷയത്തിൽ പ്രശ്നപരിഹാരം.
കക്കയത്തെ അഞ്ച് കുടുംബങ്ങൾ ഇന്നലെ കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ നിരാഹാര സമരത്തെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. കെഎസ്ഇബി 2005ലാണ് ഭൂമി ഏറ്റെടുത്തത്. എന്നാൽ നഷ്ടപരിഹാരത്തിനായി വർഷങ്ങളോളം കുടുംബങ്ങൾ കെഎസ്ഇബി, റവന്യു ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമായില്ല. തുടർന്നാണ് സമരവുമായി കുടുംബങ്ങൾ രംഗത്തിറങ്ങിയത്.
ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. സുരേഷ് എം. മാവിലായിൽ എന്നിവർ ഇന്നലെ സ്ഥലത്തെത്തി കുടുംബങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചകഴിഞ്ഞതോടെ സമരം അവസാനിപ്പിച്ചു. ഇവരുടെ കൈവശമുള്ള ഭൂമിയുടെ മുഴുവൻ രേഖകളും പരിശോധിച്ച് 30നുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കാനാണ് തീരുമാനമായത്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡ് കക്കയം കോണിപ്പാറ മേഖലയിലെ ലീല കൂവ്വപൊയ്കയിൽ, പ്രജീഷ് പൂവത്തിങ്കൽ, ത്രേസ്യാമ്മ പൂവത്തിങ്കൽ, ജോസ് കുറുമുട്ടത്ത്, മാത്യു കുറുമുട്ടത്ത് എന്നീ കുടുംബങ്ങളുടെ മൂന്ന് ഏക്കറോളം വരുന്ന ഭൂമിയാണ് 2005ൽ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുത്തത്.
ഭൂമി കെഎസ്ഇബിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ചതിനെ തുടർന്ന് തർക്കമാവുകയായിരുന്നു.
ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഡാർളി ഏബ്രഹാം, സണ്ണി പുതിയകുന്നേൽ, വില്ലേജ് ഓഫീസർ പി.വി സുധി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജെ. സണ്ണി, ജോസ് വെളിയത്ത്, എ.സി. ഗോപി, എൻ.കെ. കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.