ക്രിസ്തുദാസികള്ക്കു പ്രഭ ചൊരിഞ്ഞ ആത്മീയ ചൈതന്യം : അന്ത്യവിശ്രമം സ്നേഹഭവനിൽ
1592866
Friday, September 19, 2025 5:08 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: ഓരോരുത്തരെയും പേരെടുത്തു വിളിക്കാന്‍ തക്കവണ്ണമുളള ആത്മബന്ധം. ഓരോ തവണ സന്ദര്‍ശനത്തിനെത്തുമ്പോഴും തൂമഞ്ഞുപോലെ ഹൃദയത്തില്‍ സ്നേഹം നിറയ്ക്കുന്ന സൗമ്യമായ വാക്കുകള്‍. ജന്മദിനങ്ങളില് കൃത്യമായി വിളിയെത്തും. സുഖവിവരങ്ങള്‍ അന്വേഷിച്ച് പ്രാര്‍ഥനാ ആശംസകള്‍ നേരും. വിശേഷാവസരങ്ങളില്‍ മധുരവും കേക്കും വസ്ത്രങ്ങളുമൊക്കെ പിതാവിന്റെ വകയായി എത്തും. ഇനി ആ കരുതല്‍ ഉണ്ടാവില്ലല്ലോ എന്ന ഹൃദയവേദനയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുദാസി സന്യാസിനി സമൂഹ (സൊസൈറ്റി ഓഫ് ക്രിസ്തുദാസി-എസ്കെഡി)ത്തിലെ അംഗങ്ങള്‍.
ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗവാര്‍ത്ത അറിഞ്ഞതു മുതല്‍ കോഴിക്കോട് ചേവരമ്പലത്തെ എസ്കെഡി ജനറലേറ്റില്‍ രാപകലെന്യേ പ്രാര്‍ഥനയിലാണ് സന്യാസിനികള്‍. എസ്കെഡി സന്യാസിനികളും ജനറലേറ്റിനോടനുബന്ധിച്ചു സ്ഥിതി ചെയ്യുന്ന സ്നേഹഭവന (ഹോം ഓഫ് ലവ്)ത്തിലെ അന്തേവാസികളും പിതാവിന്റെ സ്നേഹവും കരുതലും ഇന്നലെയെന്ന പോലെ ഓര്‍ത്തെടുക്കുകയാണ്. നിറയുന്ന കണ്ണുകള്‍, വിതുമ്പുന്ന അധരങ്ങള്‍... കാരുണ്യവാനും സ്നേഹസമ്പന്നനുമായ തൂങ്കുഴി പിതാവ് ഇനി ഇല്ലെന്നുള്ള യാഥാര്‍ഥ്യം സൃഷ്ടിക്കുന്ന ഹൃദയവേദനയും ശൂന്യതയും മറികടക്കാന്‍ എസ്കെഡി ജനറലേറ്റിലെ ചാപ്പലില്‍ പിതാവിന്റെ ഛായാചിത്രത്തിനു മുമ്പില്‍ കണ്ണീര് പ്രണാമം അര്‍പ്പിക്കുകയാണ് സന്യാസിനികള്‍.
1973ലാണ് മാനന്തവാടി രൂപത സ്ഥാപിച്ചത്. പ്രഥമ മെത്രാന് തൂങ്കുഴി പിതാവും. പ്രാരംഭ കാലഘട്ടത്തില്‍ അജപാലന ദൗത്യം നിര്‍വഹിക്കാന്‍ രൂപതയ്ക്ക് ആവശ്യത്തിന് സന്യാസിനികളുണ്ടായിരുന്നില്ല. 70 കാലഘട്ടത്തില്‍ വയനാട്ടിലേക്ക് കാര്യമായ യാത്രാസൗകര്യങ്ങളുമില്ലായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കാരണം പുറമെ നിന്ന് വയനാട്ടിലേക്ക് സന്യാസിനികളുടെ സേവനം ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
പ്രതിസന്ധികളെ അതിജീവിച്ച് മാനന്തവാടി രൂപതയെ വളര്‍ച്ചയിലേക്കു നയിച്ച പ്രഥമ മെത്രാന് കുടിയേറ്റ ജനതയുടെ ആത്മീയ വളര്‍ച്ചയില്‍ ക്രിസ്തുവിന്റെ മണവാട്ടിമാരുടെ അനിവാര്യത തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് തൂങ്കുഴി പിതാവ് ക്രിസ്തുദാസികളുടെ സമൂഹത്തിനു തുടക്കമിട്ടത്. എസ്കെഡിയുടെ പടിപടിയായുള്ള വളര്‍ച്ച തിരിച്ചറിഞ്ഞ വത്തിക്കാന്‍ 1986 സെപ്റ്റംബറില്‍ സന്യാസിനി സമൂഹത്തിന്റെ നിയമാവലി അംഗീകരിച്ചു. നിലവില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി 317 സന്യാസിനികളാണ് എസ്കെഡിക്കുള്ളത്.
കേരളത്തിനു പുറമെ നോര്‍ത്ത് ഈസ്റ്റിലും, ഇറ്റലി, ജര്‍മനി, ആഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളിലും എസ്കെഡി പ്രവര്‍ത്തിക്കുന്നുണ്ട്. 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന തിരുവചനമാണ് എസ്കെഡിയുടെ മുഖമുദ്ര. എവിടെയായാലും ആ നാടിന്റെ ആവശ്യമനുസരിച്ച്, സാഹചര്യമനുസരിച്ച് ദൈവഹിതം നിറവേറ്റുകയാണ് എസ്കെഡി സന്യാസിനികള്‍.
ഇല്ലായ്മകളുടെയും അസൗകര്യങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും കാലത്ത് മാനന്തവാടി രൂപതയെ വളര്‍ച്ചയിലേക്കു നയിച്ച തൂങ്കുഴി പിതാവിന്റെ അജപാലന ദൗത്യത്തിനു കരുത്തുപകരാന്‍ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിനു കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ വയനാട് ദ്വാരകയിലായിരുന്നു എസ്കെഡിയുടെ ആസ്ഥാനമായ ജനറലേറ്റ്. പിന്നീടാണ് കോഴിക്കോട് ചേവരമ്പലത്തേക്കു മാറിയത്. ദ്വാരകയിലെ മഠം നിലവില്‍ മദര്‍ ഹൗസായാണ് പ്രവര്‍ത്തിക്കുന്നത്.
സ്നേഹം തുളുമ്പുന്ന ഭവനം
കോഴിക്കോട് ചേവരമ്പലത്തെ എസ്കെഡി ജനറലേറ്റിനോടനുബന്ധിച്ച് ‘സ്നേഹഭവനം' (ഹോം ഓഫ് ലവ്) തുടങ്ങുമ്പോള്‍ തൂങ്കുഴി പിതാവിന്റെ മനസിലുണ്ടായിരുന്നത് അതിമനോഹരമായ ആശയമായിരുന്നു. ആരോരുമില്ലാത്തവര്‍ പാര്‍ക്കുന്ന സ്നേഹഭവനം ഒരു വീടിന്റെ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. ആരുമില്ലെന്ന തോന്നല്‍ അഗതികള്‍ക്കും അശരണര്‍ക്കും ഉണ്ടാകരുത്. അതു യാഥാര്‍ഥ്യമായി.
നിലവില്‍ 95 അന്തേവാസികളാണ് സ്നേഹത്തണലില്‍ പാര്‍ക്കുന്നത്. ജാതി, മതഭേദമെന്യേ ആരോരുമില്ലാത്തവര്‍ക്ക് ആശ്രയമേകുന്ന ആശ്വാസകേന്ദ്രമാണ് സ്നേഹഭവനം. ആരുമില്ലാത്തവരെ കണ്ടെത്തിയാല്‍ പോലീസുകാരും സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ആദ്യം നിര്‍ദേശിക്കുന്ന പേരാണ് സ്നേഹഭവനം. ഗവര്‍ണറും മുഖ്യമന്ത്രിയുമടക്കം നിരവധി പ്രമുഖര്‍ സ്നേഹഭവനത്തിലെത്തി ആശംസകളറിയിച്ചിട്ടുണ്ട്.
സിസ്റ്റര്‍ ടീന കുന്നേല്‍ ആണ് എസ്കെഡിയുടെ മദര്‍ ജനറാള്‍. സിസ്റ്റര്‍ ലിന്‍സ മഴൂവഞ്ചേരി അസിസ്റ്റന്റ് ജനറാളായി പ്രവര്‍ത്തിക്കുന്നു. ഫിനാന്‍സ് കൗണ്‍സിലര്‍ സിസ്റ്റര്‍ ഗ്ളാഡിസ്, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ നാന്‍സി ഓരത്ത്, സിസ്റ്റര്‍ മെര്‍ലി മഞ്ഞപ്പള്ളില്‍ എന്നിവരും എസ്കെഡി സന്യാസിനി സമൂഹത്തിനു നേതൃത്വം നല്കുന്നു.
സ്നേഹഭവനത്തില്‍ കഴിയണമെന്ന് ആഗ്രഹിച്ച പിതാവ്
ചേവരമ്പലത്തെ സ്നേഹഭവനത്തില്‍ വിശ്രമജീവിതം നയിക്കണമെന്നായിരുന്നു തൂങ്കുഴി പിതാവിന്റെ ആഗ്രഹം. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അതു യാഥാര്‍ഥ്യമായില്ലെന്നു ചേവരമ്പലം എസ്കെഡി മദര്‍ ജനറലിന്റെ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ നാന്‍സി ഓരത്തും സിസ്റ്റര്‍ മെര്‍ലി മഞ്ഞപ്പള്ളിയിലും പറഞ്ഞു. പിതാവിനെ തൃശൂര്‍ രൂപതാധികൃതര്‍ സ്നേഹം കൊണ്ടു മൂടുകയായിരുന്നു.
പിതാവിന്റെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായാണ് അവര്‍ നിറവേറ്റിയത്. പിതാവ് സ്ഥാപിച്ച തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍ ചികിത്സക്കുള്ള സൗകര്യവും കൂടി പരിഗണിച്ച് അവിടെ തന്നെ തങ്ങുകയായിരുന്നുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
2024 ഏപ്രിലിലാണ് അവസാനമായി പിതാവ് ചേവരമ്പലത്തെ ജനറലേറ്റ് സന്ദര്‍ശിച്ചത്. ദൈവ മഹത്വം ജീവിതത്തിലുടനീളം പ്രകാശിപ്പിച്ച തൂങ്കുഴി പിതാവ് തങ്ങളില്‍ പ്രസരിപ്പിച്ച ഊര്‍ജവും ചൈതന്യവും അവര്‍ണനീയമാണെന്ന് സന്യാസിനികള്‍ സാക്ഷ്യപ്പെടുത്തുന്നു. 317 സന്യാസിനികളെയും പേരെടുത്തുവിളിക്കാന്‍ തക്കവണ്ണമുള്ള ആത്മബന്ധം പിതാവിനുണ്ടായിരുന്നു. സന്യാസിനിമാരുടെ മാതാപിതാക്കളെയും പിതാവിന് അറിയാമായിരുന്നു. ജന്മദിനവേളകളില് പിതാവ് ഫോണില്‍ വിളിച്ച് ആശംസകള്‍ നേരുമായിരുന്നു.
‘അപ്പനെ പോലെ സ്നേഹം ചൊരിഞ്ഞ പിതാവ്'
‘എനിക്ക് അപ്പനെ പോലെയായിരുന്നു തൂങ്കുഴി പിതാവ്. പിതാവ് കാലം ചെയ്തുവെന്ന വിവരം സഹിക്കാനാവുന്നില്ല. സ്നേഹഭവനത്തിലെ അടുക്കള ജീവനക്കാരിയാണ് ഞാന്‍. പക്ഷെ പിതാവിന് വലുപ്പച്ചെറുപ്പമൊന്നുമില്ല. ഇടയ്ക്ക് ഇവിടെ വരുമ്പോള്‍, ഒരു അപ്പനെ പോലെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു'... 11 വര്‍ഷമായി സ്നേഹഭവനത്തില്‍ ജോലിചെയ്യുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശിനി ലീല (65) നിറകണ്ണുകളോടെ പറയുന്നു.
വിശേഷാവസരങ്ങളില്‍ പിതാവ് കാണാന്‍ വരുമായിരുന്നു. കുടുംബത്തെക്കുറിച്ചൊക്കെ ചോദിക്കും. വസ്ത്രങ്ങള്‍ നല്‍കും. സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്. ആ കരുതലും വാത്സല്യവും സ്നേഹവും ഇനിയില്ലല്ലോ എന്നോര്‍ത്ത് ലീല കണ്ണീര് തുടച്ചു. പിതാവ് രോഗബാധിതനായി കിടപ്പിലാണെന്നറിഞ്ഞപ്പോള്‍ കാണാനായി തൃശൂരില്‍ പോയതിന്റെ ഓര്‍മകളും ലീല പങ്കുവച്ചു.
എസ്കെഡി ജനറലേറ്റ് ചാപ്പലില്‍ കല്ലറ ഒരുങ്ങി
ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഭൗതീകശരീരം സംസ്കരിക്കുന്നത് ചേവരമ്പലത്തെ എസ്കെഡി ജനറലേറ്റിലെ ചാപ്പലില്‍. ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിലായി, പിതാവിന്റെ ആഗ്രഹമനുസരിച്ച് നേരത്തെ തന്നെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചിരുന്നു. തന്റെ സംസ്കാരം ലളിതമായ രീതിയില്‍, ആര്‍ഭാടം ഒഴിവാക്കി നടത്തണമെന്നു പിതാവ് വില്പത്രത്തില് കുറിച്ചതു സാക്ഷാത്കരിക്കാനുള്ള ഒരുക്കങ്ങളിലാണ് എസ്കെഡി സന്യാസിനികള്‍.
22ന് എസ്കെഡി ജനറലേറ്റില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനു വയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നതിനാല്‍ ഇതിനുള്ള സൗകര്യം പരിഗണിച്ച്, തൃശൂരില്‍ നിന്ന് എത്തിക്കുന്ന ഭൗതീകശരീരം കോഴിക്കോട് ദേവഗിരി കാമ്പസിലാണ് പൊതുദര്‍ശനത്തിനു വയ്ക്കുക. ദേവഗിരിയില്‍നിന്ന് വൈകുന്നേരം ആറുമണിയോടെ ചേവരമ്പലം ജനറലേറ്റില്‍ എത്തിച്ച് സംസ്ക്കരിക്കുമെന്നാണ് നിലവിലുള്ള അറിയിപ്പ്.