പെരുന്തേനീച്ചയുടെ അക്രമണത്തിൽ നിന്ന് രക്ഷതേടി യുവാവ് കിണറ്റിൽ ചാടി
1592878
Friday, September 19, 2025 5:15 AM IST
മുക്കം: പെരുന്തേനീച്ചയുടെ അക്രമണത്തിൽ നിന്ന് രക്ഷതേടി ബൈക്ക് യാത്രികനായ യുവാവ് കിണറ്റിൽ ചാടി. മാമ്പറ്റ ചേരികലോട് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് ഇന്നലെ വൈകുന്നേരം പെരുന്തേനീച്ചയുടെ അക്രമണത്തിൽ നിന്നും രക്ഷനേടാനായി കിണറിലേക്ക് എടുത്തുചാടിയത്.
ഇയാൾ ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെരുന്തേനീച്ച കൂട്ടത്തോടെ വന്ന് കുത്തുകയായിരുന്നു. ഇതോടെയാണ് കിണറ്റിലേക്ക് ചാടിയത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം മുക്കം അഗ്നി രക്ഷാ സേനയെ അറിയിക്കുകയും മുക്കത്തു നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന സ്ഥലത്തെത്തി കിണറ്റിൽ ചാടിയ ആളെ റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപെടുത്തി മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ എത്തിച്ചു. ഇയാളുടെ മുഖമാകെ ഈച്ചയുടെ കുത്തേറ്റ പരുക്കാണ്.