നാട്ടുകാർ ഇടപെട്ടു, റോഡായി
1245517
Sunday, December 4, 2022 12:36 AM IST
നാദാപുരം: അയൽ വീട്ടുകാരുടെ ദുർവാശിയിൽ വീട്ടിലേക്ക് വഴിയില്ലാത്തതിന്റെ പേരിൽ പ്രായസപ്പെട്ട കുടുംബത്തിന് വഴി നിർമിച്ചു നൽകി നാട്ടുകാർ. കുമ്മങ്കോട് പുളിക്കൂൽ റോഡിലെ കുനിച്ചംവീട്ടിൽ താഴെയാണ് നാട്ടുകാർ ഒരുമിച്ചു വഴി നിർമിച്ചു നൽകിയത്.
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീട്ടിലേക്ക് കടക്കാനാവശ്യമായ വഴി ലഭിച്ചതിന്റെ സന്തോഷത്തിലാണ് 70 വയസുകാരനായ പറമ്പൻ കുളങ്ങര പോക്കറും കുടുംബവും. പൊതു റോഡിൽ നിന്നും 50 മീറ്റർ അകലെയാണ് പോക്കറുടെ വീട്.എന്നാൽ മൂന്ന് മീറ്റർ നീളമുള്ള ഒരു ഓവ് ചാൽ കടന്നാൽ മാത്രമേ വീട്ടിലേക്ക് എത്താൻ കഴിയൂ.
ഈ വഴി കടക്കുന്നതിന് പരിസരവാസി തടസം നിന്നതോടെയാണ് പതിനാല് വർഷത്തിലധികമായി പോക്കറുടെ വഴിമുട്ടിയത്. ഈ ഓവ് ചാലിനു മുകളിലൂടെ ഈ കുടുംബത്തിന് സഞ്ചരിക്കുന്നതിന് തടസം വന്നതോടെ പൊതുപ്രവർത്തകൻ കിഴക്കേ മഠത്തിൽ അബ്ദുല്ലയുടെ സഹായം കുടുംബത്തിന് താത്ക്കാലികാശ്വാസമാവുകയായിരുന്നു. അദ്ദേഹത്തിന്റെ പറമ്പിനോട് ചേർന്ന് രണ്ടടി വീതിയുള്ള ഒരു കോൺക്രീറ്റ് പാലം നിർമിച്ചാണ് കുടുംബം സഞ്ചരിച്ചിരുന്നത്.
കഴിഞ്ഞ വർഷത്തെ മഴയിൽ ഈ പാലം തകർന്നതോടെയാണ് വഴിക്ക് വേണ്ടി ഈ കുടുംബം പലവാതിലുകളും മുട്ടിയത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഒരു മാസത്തോളം കിടപ്പിലായിരുന്ന പോക്കറെ ചികിത്സക്ക് കൊണ്ട് പോകാൻ വരെ ഏറെ പ്രയാസപെട്ടിരുന്നു. ഇപ്പോഴും അസുഖം പൂർണമായി മാറിയിട്ടില്ല. ഇതിനിടയിലാണ് ഒരു കൂട്ടം നാട്ടുകാർ ശനിയാഴ്ച്ച രാവിലെ റോഡ് നിർമാണത്തിന് മുന്നിട്ടിറങ്ങിയത്.
നിർമിച്ച റോഡിന്റെ ഉദ്ഘാടനവും നാട്ടുകാർ നടത്തി. 15 വർഷമായി അനുഭവിക്കുന്ന പ്രയാസത്തിൽനിന്നും മോചനം നൽകിയ നാട്ടുകാർക്ക് പോക്കറുടെ കുടുംബം നന്ദി അറിയിച്ചു.