യുഡിഎഫ് അംഗത്തിനു ഭീഷണി: ഡിവൈഎഫ്ഐ പ്രവർത്തകനെതിരേ കേസെടുത്തു
1245526
Sunday, December 4, 2022 12:38 AM IST
നാദാപുരം: പുറമേരി പഞ്ചായത്ത് യുഡിഎഫ് അംഗം ഇ.ടി.കെ. രജീഷിനെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരേ പോലീസ് കേസെടുത്തു. ഓട്ടോയിൽ യാത്രക്കാരുമായി ആർഎസി ഹയർസെക്കൻഡറി സ്കൂൾ റോഡിലേക്ക് വരുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാൾ ഓട്ടോ തടഞ്ഞ് നിർത്തുകയും ഷർട്ടിന്റെ കോളറിൽ കയറി പിടിച്ച് അസഭ്യം പറയുകയും കാല് കൊത്തിക്കളയുമെന്ന് ജാതി പേര് വിളിച്ച് ഭീഷണിപെടുത്തുകയും ചെയ്തെന്ന രജീഷിന്റെ പരാതിയിലാണ് നാദാപുരം പോലീസ് കേസ് എടുത്തത്.
പുറമേരി പഞ്ചായത്ത് 13 വാർഡ് അംഗമാണ് രജീഷ്. എസ്സിഎസ്ടി ആക്ട് പ്രകാരമാണ് കേസ്. നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം രേഖപ്പെടുത്തി. രജീഷിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ നീക്കം അവസാനിപ്പിക്കണമെന്നും കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് നേതാക്കളായ കെ. മുഹമ്മദ് സാലി, പി. അജിത്ത്, പനമ്പറ പ്രഭാകരൻ, കെ.എം. സമീർ, കെ. ബഷീർ, സി.കെ. റിയാസ്, ശ്രീജിത്ത് പനമ്പറ, എ.കെ. ഷബീർ, വി.പി. ഷക്കീൽ എന്നിവർ ആവശ്യപ്പെട്ടു.