മലിനജലം ഉപയോഗിച്ചു; നാദാപുരം ചിക്കീസ് കഫറ്റേരിയ്ക്ക് പിഴ ചുമത്തി
1262624
Saturday, January 28, 2023 12:47 AM IST
നാദാപുരം: മലിനമായ കിണർ വെള്ളം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നാദാപുരം തലശേരി റോഡിൽ പ്രവർത്തിക്കുന്ന ചിക്കീസ് കഫ്റ്റേരിയ സ്ഥാപനത്തിന് ആരോഗ്യ വകുപ്പ് പിഴ ചുമത്തി. കഫ്റ്റേരിയയിൽ മലിനമായ കിണർ വെള്ളം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
മലിനമായ കിണറിൽ നിന്നും സ്ഥാപനത്തിലെ വാട്ടർ ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ കണ്ടെത്തുകയായിരുന്നു. കണക്ഷൻ അധികൃതർ മുറിച്ചു മാറ്റുകയും, സ്ഥാപനത്തിലേക്കുള്ള വാട്ടർ കണക്ഷൻ കെട്ടിടത്തിൽ തന്നെയുള്ള മറ്റൊരു കിണറിലേക്ക് മാറ്റിസ്ഥാപിക്കാനും അതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനും നോട്ടീസ് നൽകുകയും ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനാൽ സ്ഥാപനത്തിൽ നിന്നും മൂവായിരം രൂപ പിഴ ഈടാക്കി.
പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.