ചെമ്പനോട-താമരമുക്ക്-തിമിരിപ്പാലം റോഡ് വികസനം: പ്രദേശവാസികൾ യോഗം ചേർന്നു
1264970
Saturday, February 4, 2023 11:47 PM IST
ചക്കിട്ടപാറ: ചെമ്പനോട - താമരമുക്ക്- തിമിരിപ്പാലം റോഡിന്റെ വികസന ലക്ഷ്യത്തോടെ നിലവിലുള്ള റോഡിന് എട്ട് മീറ്റർ വീതിയാക്കി വർധിപ്പിക്കുവാൻ റോഡിന് ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യോഗം താമരമുക്കിൽ ചേർന്നു. യോഗത്തിൽ താമരമുക്ക് മുതൽ പന്നിക്കോട്ടൂർ തിമിരിപ്പാലം വരെ ഇരുവശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ റോഡിനാവശ്യമായ സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതിനുള്ള പ്രധാന ബൈപാസ് റോഡായി ഈ റോഡ് മാറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വനത്തിലൂടെയുള്ള യാത്ര ഒഴിവാക്കുവാനും എളുപ്പമാർഗം കൂവ്വപ്പൊയിലിൽ എത്തുവാനും തിമിരിപ്പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ സാധിക്കും. എട്ട് മീറ്റർ വീതി ലഭിച്ചാൽ പിഡബ്ല്യൂഡി ഏറ്റെടുത്ത് ഒരു കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ചെലവഴിച്ച് ഒരു മികച്ച ബൈപ്പാസായി നിർമിക്കാമെന്ന് എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്.
പഞ്ചായത്ത് അംഗം കെ.എ. ജോസുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗം ലൈസ ജോർജ്, ഫ്രാൻസീസ് കിഴക്കരക്കാട്ട്, രാജീവ് തോമസ്, മാത്യു വാഴാംപ്ലാക്കൽ, സി.ഡി. മേരിക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാവി പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ചെയർമാനായും കെ.എ. ജോസുകുട്ടി ജനറൽ കൺവീനറായും കമ്മിറ്റിക്ക് രൂപം നൽകി.