മൂന്ന് വയസുകാരിക്ക് ചികിത്സ നിഷേധിച്ചു; ആശുപത്രിയിൽ പ്രതിഷേധവുമായി യൂത്ത് ലീഗ്
1282263
Wednesday, March 29, 2023 11:38 PM IST
നാദാപുരം: വീഴ്ച്ചയിൽ പരിക്കേറ്റ മൂന്ന് വയസുകാരിയെ ചികിത്സിക്കാൻ തയാറാവാതിരുന്ന ഡോക്ടറുടെ നടപടിയിൽ പ്രതിഷേധവുമായി ആശുപത്രി വികസന യോഗത്തിലേക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ.
നാദാപുരം ഗവ. ആശുപത്രിയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീടിന്റെ മതിലിൽ നിന്നും വീണു പരിക്ക് പറ്റിയ കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോൾ കാഷ്വാലിറ്റി ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സ നൽകിയിരുന്നില്ല.
ഇതേ തുടർന്ന് ഡോക്ടറും കുട്ടിയുടെ ബന്ധുക്കളുമായി വാക്ക് തർക്കം ഉടലെടുക്കുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞ് സിപിഎം ഏരിയ കമ്മിറ്റി അംഗം സി.എച്ച് മോഹനനും സംഘവും ഇടപെടുകയും ഡോക്ടർ പിഞ്ച് കുഞ്ഞിന് ചികിത്സ നൽകുകയുമായിരുന്നു. മണ്ഡലം സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ ആശുപത്രി ഓഫീസിന് സമീപം പോലീസ് തടഞ്ഞതോടെ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും രൂപപ്പെട്ടു. ഒടുവിൽ രണ്ടു പ്രവർത്തകരെ മാത്രം യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിടുകയും യോഗത്തിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തതോടെ പ്രതിഷേധം അവസാനിച്ചത്.