വൃന്ദയും പ്രണവും പ്രതീക്ഷയും ഇന്ന് സ്കൂളിലെത്തുന്നത് ഈ വീട്ടിൽ നിന്നാണ്
1299092
Thursday, June 1, 2023 12:00 AM IST
സി. ഫസൽ ബാബു
മുക്കം: രണ്ട് മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുമ്പോൾ കാരശേരി ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹൻദാസിന്റെയും ഭാര്യ ബിന്ദുവിന്റെയും മനസിൽ ആധിയാണ്.
വെള്ളവും വൈദ്യുതിയുമില്ലാത്ത, അലൂമിനിയം ഷീറ്റുകളും തെങ്ങോലകളും കൊണ്ട് ഭിത്തിയും ഫ്ലക്സ് കൊണ്ട് മേൽക്കൂരയും പണിത വീട്ടിൽ നിന്നും മൂന്ന് മക്കളെ എങ്ങനെ സ്കൂളിലേക്ക് അയക്കുമെന്നറിയാതെ ആശങ്കയുടെ നടുക്കടലിലാണ് ഈ രക്ഷിതാക്കൾ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമായി ഇവർ കഴിയുന്ന വീടിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഭവന സന്ദർശനത്തിനിടെയാണ് കുടുംബത്തിന്റെ ദുരിതം അധ്യാപകർ അറിഞ്ഞത്. കോട്ടയം കൂറ്റമലകുന്നേൽ സ്വദേശിയായ മോഹൻദാസും കാരശേരി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയായ ബിന്ദുവും വിവാഹ ശേഷം 10 വർഷത്തോളം കോട്ടയത്തെ മോഹൻദാസിന്റെ നാട്ടിലായിരുന്നു താമസം.
അഞ്ചുവർഷം മുൻപാണ് ബിന്ദുവിന്റെ നാടായ കാരശ്ശേരി പഞ്ചായത്തിലെ എലിമ്പിലാശ്ശേരി ആദിവാസി കോളനിയിൽ താമസം തുടങ്ങിയത്. ആശാരിയായ മോഹൻദാസും വീട്ടമ്മയായ ബിന്ദുവും നിരവധിതവണ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വീട് അനുവദിക്കാം എന്നു പറയുകയല്ലാതെ യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മോഹൻദാസ് പറഞ്ഞു. മൂത്തമകളായ വൃന്ദ ഇത്തവണ പത്താം ക്ലാസിലാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ കുട്ടിയായ പ്രണവും വൃന്ദയും തോട്ടുമുക്കം ഹൈസ്കൂളിലാണ് പഠിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന മൂന്നാമത്തെ കുട്ടിയായ പ്രതീക്ഷ തൊട്ടുമുക്കം യുപി സ്കൂളിലാണ് പഠിക്കുന്നത്. കാലവർഷം അടുത്തെത്തി നിൽക്കെ മൂവരും ഭീതിയിലാണ്.
അടച്ചുറപ്പില്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ മഴക്കാലങ്ങൾ കഴിച്ചുകൂട്ടിയ ഓർമകൾ ഇവരെ കുറച്ചൊന്നുമല്ല പേടിപ്പെടുത്തുന്നത്. വൈദ്യുതിയും വെള്ളവുമില്ലാത്ത പഠിക്കാൻ യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത വീട്ടിൽ കാലാവസ്ഥയുടെ രൗദ്രഭാവവും പേറി എത്രകാലം ഈ ദുരിത ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇവർ ചോദിക്കുന്നത്.
സാമൂഹിക പരിഗണനയുടെ പുറമ്പോക്കുകളിൽ ജീവിക്കുന്ന തങ്ങളെ ഇനിയെങ്കിലും ബന്ധപ്പെട്ടവർ പരിഗണിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.