കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ അടിക്കടി ഉണ്ടാകുന്ന കാർഷിക വിളകളുടെ മോഷണത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖല ആവശ്യപ്പെട്ടു.
കാർഷിക വിളകളുടെ വില തകർച്ചയും, രോഗബാധയും മൂലം കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന സമയത്ത് മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് പ്രദേശത്തെ അടക്ക, കൊക്കോ, റബർ, ജാതിക്ക അടക്കമുള്ള കാർഷിക വിളകളുടെ മോഷണം.
നെല്ലിപ്പൊയിൽ, ചെമ്പുകടവ്, തെയ്യപ്പാറ, നാരങ്ങാത്തോട്,കോടഞ്ചേരി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ വ്യാപകമായി അടക്ക അടക്കമുള്ള കാർഷിക വിളകളാണ് പതിവായി മോഷണം പോകുന്നത്.
കഴിഞ്ഞദിവസം പട്ടാപ്പകൽ നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും ജീവനക്കാരിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മോഷ്ടിക്കുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോഷണം പതിവായി നടക്കുന്ന മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും, ബന്ധപ്പെട്ട അധികാരികൾ കർഷകരുമായി ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖല ആവശ്യപ്പെട്ടു.
കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖലാ ചെയർമാൻ ടെന്നീസൺ ചാത്തംകണ്ടം, മേഖലാ വൈസ് ചെയർമാൻ ലൈജു അരീപ്പറമ്പിൽ, ഷിജി ജേക്കബ് അവനൂർ, പി.വി. ജോൺ പ്ലാമ്പറമ്പിൽ, അഗസ്റ്റിൻ മഠത്തിൽ, ജോസഫ് ആലവേലിയിൽ, സാബു മനയിൽ, ഷാജി കിഴക്കുംകരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.