ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്ക് ആശുപത്രിയിൽ ചികിത്സ മുടങ്ങും
1396989
Sunday, March 3, 2024 4:27 AM IST
കുറ്റ്യാടി :കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുമൂലം കിടത്തിച്ചികിത്സ, സ്പെഷ്യാലിറ്റി ഒപികൾ, ശസ്ത്രക്രിയ എന്നിവ താത്കാലികമായി നിർത്തിവച്ചു.
പോർസ്റ്റുമോർട്ടവും ഉണ്ടാകില്ല. ജനറൽ ഒപി സർവീസ് മാത്രമേ ലഭിക്കൂ. എച്ച്എംസി യോഗത്തിലാണ് തീരുമാനം. 21 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ പത്ത് ഡോക്ടർമാർ മാത്രമാണുള്ളത്. ഒരു മാസത്തിനുള്ളിൽ കാഷ്വാലിറ്റി, ഒപി, ജനറൽ മെഡിൻ വിഭാഗങ്ങളിലായി രണ്ട് ഡോക്ടർമാർ സ്ഥലം മാറിപ്പോവുകയും ഒരാൾ സർവീസ് നിർത്തിപ്പോവുകയുംചെയ്തതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. കാഷ്വാലിറ്റിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല.
സ്പെഷ്യാലിറ്റി ഡോക്ടർമാരുൾപ്പെടെയുള്ളവർക്ക് കാഷ്വാലിറ്റിയിൽ രാത്രി ഡ്യൂട്ടിയെടുക്കേണ്ടിവരുന്നതാണ് പിറ്റേ ദിവസം സ്പെഷ്യാലിറ്റി ഒപികൾ ഏർപ്പെടുത്താൻ തടസ്സമാകുന്നത്.
പോസ്റ്റുമോർട്ടം ഡ്യൂട്ടിയുമുണ്ട്. സ്ഥലം മാറിപ്പോയവരുടെ ഒഴിവിൽ പകരം ആളുകള്‍ എത്തിയാൽ കിടത്തിച്ചികിത്സയും സ്പെഷ്യലിസ്റ്റ് ഒപി.യും പുനരാരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.