ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ വടകരയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം
1425600
Tuesday, May 28, 2024 7:56 AM IST
വടകര: കേരളത്തിൽ തന്നെ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടം നടന്ന വടകര ലോക്സഭാ മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് വിജയിച്ചവർക്ക് മാത്രമാണ് ആഘോഷ പരിപാടികൾ നടത്താൻ അനുമതി. വൈകിട്ട് ഏഴുവരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാം. വാഹന ഘോഷയാത്രകൾ അനുവദിക്കില്ല. സർവ്വകക്ഷി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.
മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വടകര മണ്ഡലത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർവകക്ഷിയോഗം വിളിച്ചു ചേർത്തത്. കണ്ണൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് ഇന്നലെ സർവകക്ഷിയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉറപ്പു നൽകി. സിപിഎം, യുഡിഎഫ്, ആർഎംപി, ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സമാധാന ശ്രമങ്ങൾക്ക് ഇടതു മുന്നണി ഒപ്പമുണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വടകര മണ്ഡലത്തിലെ മുഴുവൻ ബാനറുകളും പോസ്റ്ററുകളും നീക്കാനും യോഗത്തിൽ തീരുമാനമായി.
അതേസമയം വ്യാജ കാഫിർ പ്രയോഗത്തിൽ പ്രതികളെ പിടികൂടാത്തതിൽ യുഡിഎഫ് നേതാക്കൾ യോഗത്തിൽ പ്രതിഷേധമറിയിച്ചു. നിലവിലെ പരാതികളിൽ പോലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തിയും യുഡിഎഫ് മറച്ചുവച്ചില്ല.