ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
1425601
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുതിയാപ്പ ഹാർബറിൽനിന്നും ‘വരുണപ്രിയ’ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് 14 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്.
ബോട്ടിന്റെ എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ വിവരം ഞായറാഴ്ച വൈകുന്നേ രമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് വിംഗ്, എലത്തൂർ കോസ്റ്റൽ പോലീസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയോടെ ബോട്ടും അതിൽ ഉണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാർബറിൽ എത്തിച്ചു.
ഷിബു, രജീഷ്, വ്യാസൻ, ബാബു, ശ്രീലേഷ്, വിശ്വനാഥൻ, രഞ്ജിത്ത്, രാജേഷ്, കുട്ടൻ, ചന്തൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ്ഹിൽ സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് ഗാർഡ് ബിബിൻ, കോസ്റ്റൽ പോലീസ് ബുവനദാസ്, കോസ്റ്റൽ വാർഡൻ ലിപീഷ്, റെസ്ക്യു ഗാർഡ് ഹമിലേഷ്, മിഥുൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.