വൈവിധ്യമാർന്ന പരിപാടികളോടെ വന്യജീവി വാരാഘോഷത്തിന് സമാപനം
1459944
Wednesday, October 9, 2024 7:13 AM IST
കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപനവിഭാഗം കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ നടന്നു. പരിപാടിയുടെ ഭാഗമായി നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബ്ബും കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗവും സംയുക്തമായി നടുവണ്ണൂർ ടൗണിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
നഗരത്തിൽ ബോധവൽക്കരണം സൈക്കിൾ റാലിയും സന്ദേശയാത്രയും ഫ്ളാഷ് മോബും നടത്തി. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്റെ അധ്യക്ഷതയിൽ നടന്ന വാരാഘോഷ പരിപാടി ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം മേധാവി ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേന്ദ്രൻ, വാർഡ് അംഗം സജീവൻ മക്കാട്ട്, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്സർവേറ്റർ സത്യപ്രഭ, കൊയിലാണ്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി. സജീവ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ആബിദ പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.
വാരാഘോഷ പരിപാടിയുടെ ഭാഗമായി ചാലപ്പുറം ഗവ. അച്യുതൻ ഗോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി വിദ്യാർഥികൾക്കായി പ്രകൃതി പഠന ക്യാന്പും വനയാത്രയും നടത്തി. കാക്കവയൽ ബയോഡൈവേഴ്സിറ്റി പാർക്കിലായിരുന്നു പ്രകൃതി പഠന ക്യാന്പ്.
ബോധവൽക്കരണ ക്ലാസുകൾക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. സുരേഷ് നേതൃത്വം നൽകി.
സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ പരപ്പിൽ എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി വന്യജീവി ഫോട്ടോപ്രദർശനവും സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ നടന്ന വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.