ആദിവാസി കുഞ്ഞിന്റെ മരണം: താത്കാലിക ഡോക്ടറെ പിരിച്ചുവിട്ടു
1283307
Saturday, April 1, 2023 11:28 PM IST
മാനന്തവാടി: ആറു മാസം പ്രായമുള്ള ആദിവാസി കുഞ്ഞിനു വിദഗ്ധ ചികിത്സ നൽകുന്നതിൽ വീഴ്ചവരുത്തിയ താത്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. വയനാട് മെഡിക്കൽ കോളജിലെ താത്കാലിക ജൂണിയർ റസിഡന്റ് ഡോ.രാഹുൽ സാജുവിനെയാണ് ്പ്രിൻസിപ്പൽ പിരിച്ചുവിട്ടത്. ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിനു ഇടയാക്കിയതെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പധികാരികൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളമുണ്ട പഞ്ചായത്തിലെ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് -ലീല ദന്പതികളുടെ കുഞ്ഞിന്റെ മരണമാണ് ഡോക്ടറെ പിരിച്ചുവിടുന്നതിൽ കലാശിച്ചത്. മാർച്ച് 22ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. വിളർച്ചയും ന്യുമോണിയയുമാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. അവശനിലയിലായ കുഞ്ഞ് കോളനിയിൽ കുത്തിയ്പിനെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അവർ നിർദേശിച്ചതനുസരിച്ച് രക്ഷിതാക്കൾ കുഞ്ഞിനെ പട്ടികവർഗ വികസന വകുപ്പ് വിട്ടുകൊടുത്ത ആംബലുൻസിൽ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നു അറിയിച്ചു. ശിശുരോഗ വിദഗ്ധനെ കാണണമെന്ന് നിർദേശിച്ച അദ്ദേഹം മരുന്നുകൾ നൽകി കുഞ്ഞിനെ തിരിച്ചയച്ചു. രാവിലെ പാൽ നൽകുന്നതിനിടെയായിരുന്നു മരണം.