എൻട്രൻസ് കോച്ചിംഗ്: പിന്തുണയുമായി സ്പന്ദനം സൊസൈറ്റി
1297607
Saturday, May 27, 2023 12:18 AM IST
കൽപ്പറ്റ: മാനന്തവാടി സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി മെഡിക്കൽ, എൻജിനിയറിംഗ്, സിവിൽ സർവീസ് എൻട്രൻസ് കോച്ചിംഗിനു വിദ്യാർഥികൾക്കു പിന്തുണ നൽകുന്നു. ജില്ലയിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠിപ്പിൽ മിടുക്കരായ വിദ്യാർഥികൾക്കാണ് പിന്തുണ നൽകുകയെന്ന് സ്പന്ദനം പ്രസിഡന്റ് ഫാ.വർഗീസ് മറ്റമന, സെക്രട്ടറി പി.കെ. മാത്യു, ഡയറക്ടർമാരായ ബാബു ഫിലിപ്പ്, പി.സി. ജോണ്‍, എം. കരുണാകരൻ, മുഹമ്മദ് അഷ്റഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാലാ ബ്രില്യന്റ് അക്കാദമിയിലും ബംഗളൂരു കേരള സമാജം അക്കാദമിയിലുമായി 25 പേർക്ക് പരിശീലനത്തിനു സൊസൈറ്റി സഹായം നൽകും. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള കോച്ചിംഗാണ് ബംഗളൂരുവിൽ ലഭ്യമാക്കുക. രണ്ടു സ്ഥാപനങ്ങളിലുമായി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ഫീസ്, ഹോസ്റ്റൽ ചെലവുകൾ സ്പന്ദനം വഹിക്കും. അഭിരുചി പരീക്ഷയിലൂടെയാണ് അർഹരെ തെരഞ്ഞെടുക്കുക. ഇവരുടെ സാന്പത്തികാവസ്ഥ സ്പന്ദനം സമിതി പരിശോധിക്കും. അപേക്ഷ മാനന്തവാടി ഫാഷൻ വില്ലേജ് കോംപ്ലക്സിലെ ഓഫീസിൽ ജൂണ്‍ അഞ്ചു വരെ സ്വീകരിക്കും. വിശദവിവരത്തിന് 9495023054, 8281149074 എന്നീ നന്പറുകളിൽ വിളിക്കാം.