കാട്ടാനക്കലി തുടരുന്നു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1574165
Tuesday, July 8, 2025 10:21 PM IST
ഇരിട്ടി: ആറളം ഫാം ബ്ലോക്ക് പത്തിലെ ആനമുക്കിൽ പ്ലോട്ട് നമ്പർ 746 ലെ രാജമ്മയുടെ പുരയിടത്തിൽ ഇന്നലെ പുലർച്ചെ 2.30 ഓടെ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കി. കൊലയാളി മോഴയാനയാണ് ഇന്നലെ മേഖലയിൽ ഭീതിവിതച്ചത്. രാജമ്മയുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ് എന്നിവ നശിപ്പിച്ച ആന കുടിവെള്ള പൈപ്പും നശിപ്പിച്ചു. കിണറിൽ നിന്ന് വീട്ടിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് ആന തകർത്തത്. ഇതോടെ ഇവരുടെ വീട്ടിലേക്കുള്ള കുടിവെള്ളം നിലച്ചിരിക്കുകയാണ്. ഈ വർഷം മൂന്നാം തവണയാണ് കാട്ടാന രാജമ്മയുടെ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നത്.
ബ്ലോക്ക് പത്തിലെ പ്ലോട്ട് നമ്പർ 745 ലെ കൃഷ്ണൻ പുലിക്കരി, പ്ലോട്ട് നമ്പർ 714 ലെ നാരായണി ചപ്പിലി എന്നിവരുടെ കൃഷിയിടത്തിലും മോഴയാന നാശം വിതച്ചു. ഇവരുടെയും പ്ലാവ് ഉൾപ്പെടെയുള്ള കൃഷികൾ മോഴയാന നശിപ്പിച്ചു. പുലർച്ചെ നാലോടെയാണ് ആന എത്തിയത്. ചെവിക്ക് കേൾവിക്കുറവുള്ള ചിപ്പിലി നാരായണി ഭാഗ്യം കൊണ്ടാണ് ആനയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്.
ഒറ്റയ്ക്ക് താമസിക്കുന്ന നാരായണിയുടെ വീട്ടിലെ നായ കുരച്ച് ബഹളം വച്ചപ്പോൾ ലൈറ്റ് പോലുമില്ലാതെ നാരായണി വീടിന്റെ തിണ്ണവരെ എത്തിനോക്കിയിട്ട് തിരിച്ചുപോകുകയായിരുന്നു. ആ സമയം വീടിന്റെ മുറ്റത്ത് ആനയുണ്ടായിരുന്നു. പിന്നീട് വീട്ടുമുറ്റത്തെ തെങ്ങ് നശിപ്പിച്ചശേഷമാണ് ആന അവിടെനിന്ന് മാറിയത്.
2007 ൽ ആലക്കോട് വെള്ളാട്, ഉദയഗിരി ഭാഗത്തു നിന്നെത്തിയ കുടുംബങ്ങളാണ് ഇവിടെ ഭൂരിഭാഗവും. കശുമാവ് മാത്രം ഉണ്ടായിരുന്ന പ്രദേശം ഓരോ വിളകളായി പിടിപ്പിച്ചു വന്നതാണ് ഇന്ന് കാട്ടാനകൾ നശിപ്പിക്കുന്നത്.
അഞ്ചു വർഷമായി ആനയുടെ ആക്രമണം വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നത്. നാലു മാസത്തിനുള്ളിൽ പതിനെട്ടിലധികം കുടിലുകൾ കാട്ടാന തകർത്തിരുന്നു. പലരും ഭാഗ്യംകൊണ്ടാണ് ആനയ്ക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്. ഭയന്നോടിയവരിൽ പലരും വീണ് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. താത്കാലിക സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്താണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മനുഷ്യനെ കൊല്ലുന്ന കാട്ടാനകളിൽ നിന്ന് ആദിവാസികളെ രക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഞങ്ങൾക്ക് വേണ്ടത് ജീവന് സുരക്ഷയാണ്: രാജമ്മ
പത്രമാധ്യമങ്ങളിൽ വാർത്ത വന്നാൽ ആദിവാസികളുടെ ജീവന് സുരക്ഷയാവില്ല. ഞങ്ങൾക്ക് വേണ്ടത് ശാശ്വത പരിഹാരമാണ്. മനുഷ്യനെ കൊല്ലുന്ന കാട്ടാനകൾ പുനരധിവാസ മേഖലയിൽ ചുറ്റിത്തിരിയുമ്പോൾ വലിയ വലിയ ഓഫീസുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ജനങ്ങളുടെ നിസഹായ അവസ്ഥ മനസിലാക്കുന്നില്ല.
ചർച്ചകൾകൊണ്ട് കാര്യമില്ല. ആനമതിൽ ഉൾപ്പെടെ നിർമാണം നിലച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് ആദിവാസികളോട് കാണിക്കുന്ന അനീതിയാണ്. മാനസികവും ശാരീരികവുമായി വളരെയേറെ ബുദ്ധിമുട്ടുകളാണ് മേഖലയിലെ ജനങ്ങൾ നേരിടുന്നത്. തൊഴിലെടുത്ത് ജീവിക്കാൻ കഴിയാതായവരെ എന്തിനാണ് ആനക്കാട്ടിൽ മരിച്ചുതീരാൻ വിടുന്നത്.