തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷം; കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
1574166
Tuesday, July 8, 2025 10:21 PM IST
ബേക്കല്‍: തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായി. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കടലാക്രമണത്തെതുടര്‍ന്ന് ഉച്ചയോടെ ആളുകള്‍ നോക്കിനില്‍ക്കെ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍വശം കടലും റോഡും തമ്മിലുള്ള അകലം വെറും 10 മീറ്റര്‍ മാത്രമായി ചുരുങ്ങി.
സംസ്ഥാനപാതയില്‍ ഏതു സമയത്തും കടല്‍ കയറുമെന്ന അവസ്ഥയിലാണ് ഉള്ളത്. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപവും കടലാക്രമണ ഭീഷണിയിലാണ്. മണ്ഡപത്തിനു ചുറ്റും കല്ലുകള്‍ കൂട്ടിയിട്ടാണ് താത്കാലിക കവചം തീര്‍ത്തിട്ടുള്ളത്. മണ്ഡപത്തിന്റെ തെക്കു ഭാഗത്ത് കടല്‍കരയിലേക്ക് കൂടുതല്‍ കയറിയതാണ് കെട്ടിടങ്ങള്‍ തകരാന്‍ ഇടയാക്കിയത്. റവന്യു ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തു ക്യാമ്പ് ചെയ്തിട്ടുണ്ട്.