നഴ്സുമാരുടെ മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍
1574168
Tuesday, July 8, 2025 10:21 PM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കെ.പി. സലീമിനെയാണ് (38) പയ്യന്നൂര്‍ എസ്ഐ പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
കണ്ണൂര്‍ ടൗണിലെ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും സമാനമായ രീതിയില്‍ മൊബൈല്‍ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവിൽ താമസിക്കുന്നതിനിടയില്‍ ഓരോ സ്ഥലത്തുമെത്തിയായിരുന്നു മോഷണം. ഫോണ്‍ ചെയ്യുന്നതുപോലെ നടിച്ച് മൊബൈലുകള്‍ നോട്ടംവച്ച് അവസരം അനുകൂലമാകുമ്പോള്‍ ഫോണുമായി സ്ഥലം വിടുകയാണെന്ന്് പോലീസ് പറയുന്നു.
മേയ് നാലിന് ഉച്ചക്ക് 1.30 തിനും രണ്ടിനുമിടയിലായിരുന്നു പരാതിക്കാസ്പദമായ മോഷണം. മൂരിക്കൊവ്വല്‍ അനാമയ ആശുപത്രിയിലെ നഴ്സുമാരായ പരിയാരം കുറ്റ്യേരിയിലെ സന്ധ്യാവിനോദ്, ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകളാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യത്തില്‍നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.