മലയോരത്ത് ഇന്നലെ നാല് വാഹനാപകടങ്ങൾ; ഒരു മരണം
1574177
Tuesday, July 8, 2025 10:21 PM IST
ഇരിട്ടി: ഇന്നലെ മലയോര മേഖലയിൽ നാലിടങ്ങളിലുണ്ടായ വാഹനപാകടങ്ങളിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് റോഡുകളിൽ സാധാരണ നിലയെക്കാളും തിരക്കായിരുന്നു അനുഭവപ്പട്ടത്. പലരും യാത്രക്കായി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കിയതാണ് തിരിക്കിനിടയാക്കിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിലുണ്ടായ വാഹനാപാകടത്തിലാണ് ഒരാൾ മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉളിക്കൽ റോഡിൽ പുതുശേരി കണ്ണിക്കരിയിൽ പിക്കപ്പ് ജിപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്നും ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജിപ്പും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പിക്കപ്പ് ജീപ്പ് മറിയുകയും ബൈക്ക് പൂർണമായും തകർന്നു. ചെമ്പേരി കരയത്തുംചാൽ സ്വദേശി നവീൻ (25) സഹോദരി ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ ഗ്രീഷ്മ (28) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു . പിക്കപ്പ് ജീപ്പ് ഡ്രൈവർ ബിനുവിന്റെ പരിക്ക് സാരമുള്ളതല്ല.
മട്ടന്നൂർ: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പാർസൽ വാനും സ്കോർപിയോ കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ സാജൻ, പാർസൽ വാനിലെ രണ്ടു പേർ എന്നിവർക്ക് പരിക്കേറ്റു. വാഹനങ്ങളിൽ കുടുങ്ങിപ്പോയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെ അപകടത്തിൽ പെട്ട വാഹനത്തിന് പിന്നിൽ മറ്റൊരു കാറും കൂട്ടിയിടിച്ചു. കോളിക്കടവിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും പരിശീലകനും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഴയിൽ ഓടകൾ നിറഞ്ഞ് കവിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്നതും തുടർച്ചയായുള്ള മഴകാരണം റോഡുകളുടെ ഉപരിതലം തെന്നുന്നതുമാണ് അപകടങ്ങൾക്കിടിയാക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.