ആലക്കോട് ടൗണിൽ തെരുവുനായ വിളയാട്ടം
1574171
Tuesday, July 8, 2025 10:21 PM IST
ആലക്കോട്: ആലക്കോട് ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായകൾ വർധിക്കുന്നത് സ്കൂൾ വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. വ്യാപാരികളും തൊഴിലാളികളും ടൗണിൽ എത്തുന്നവരും പ്രദേശ വാസികളും തെരുവുനായ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കടത്തിണ്ണകളിലാണ് തെരുവുനായകൾ തന്പടിക്കുന്നത്. രാത്രി വൈകി ടൗണിൽ നിന്ന് എത്തുന്ന യാത്രക്കാർക്കു നേരേ കുരച്ചു ചാടുകയാണ്. യാത്രക്കാർ ഭാഗ്യത്താൽ മാത്രം കടിയേൽക്കാതെ രക്ഷപ്പെടുന്നു. അക്രമകാരികളായ നായകളുടെ ശല്യം കാരണം ടൗണിലൂടെ നടക്കാൻ വിദ്യാർഥികൾ ഭയക്കുകയാണ്. തെരുവുനായകൾക്ക് ചിലർ ടൗണിൽ ഭക്ഷണം നൽകുന്നു. ഭക്ഷണം നൽകുന്ന സ്ഥലങ്ങളിൽ ഒത്തു കൂടുന്ന തെരുവ് നായകൾ ശല്യമായി മാറുകയും പെറ്റു പെരുകി പ്രദേശത്ത് ശല്യമായി മാറുകയും ചെയ്യുന്നു.
വീടുകളിൽ നിന്ന് പുറന്തള്ളുന്ന നായ്ക്കളെ ടൗണിൽ ഉപേക്ഷിക്കുന്നതും തെരുവുനായ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്. വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.