മനുഷ്യമതില്‍ ഇന്ന്
1244451
Wednesday, November 30, 2022 12:47 AM IST
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തോടനുബന്ധിച്ച് പടന്നക്കാട് മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ഭാഗത്തെ പ്രധാന ഇടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം മൂന്നിന് ജനകീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
പടന്നക്കാട് നെഹ്റു കോളജ്, ശ്രീനാരായണ ട്രെയിനിംഗ് കോളജ്, ഐങ്ങോത്ത്, മുത്തപ്പനാര് കാവ്, കൂളിയങ്കാല്‍, ജില്ലാ ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങളിലാണ് അടിപ്പാതയ്ക്കായി ആവശ്യമുയര്‍ന്നിരിക്കുന്നത്. മഴവെളളം ഒഴുകിപ്പോകാനായി ശാസ്ത്രീയമായ രീതിയില്‍ ഓവുചാലുകള്‍ നിര്‍മിക്കുക, സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മാത്രം മെയിന്‍ റോഡ് നിര്‍മാണമാരംഭിക്കുക, പുതുതായി നിര്‍മിക്കുന്ന മേല്പാലങ്ങളുടെ ഇരുവശത്തും ചെറുവാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കടക്കാനുള്ള അടിപ്പാതയും സര്‍വീസ് റോഡും നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. പത്രസമ്മേളനത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറസാഖ് തായിലക്കണ്ടി, പത്മരാജന് ഐങ്ങോത്ത്, കുഞ്ഞഹമ്മദ്, എം.കുഞ്ഞികൃഷ്ണന്, അഡ്വ.ബിജു കൃഷ്ണ, ടി.കുഞ്ഞികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.