മൂല്യനിര്ണയ ക്യാമ്പില് കറുപ്പണിഞ്ഞെത്താന് ഹയര് സെക്കന്ഡറി അധ്യാപകര്
1281244
Sunday, March 26, 2023 7:04 AM IST
കാസര്ഗോഡ്: പൊതുവിദ്യാഭ്യാസ മേഖലയില് പരിഷ്കാരങ്ങള് നടപ്പിലാക്കുന്നതിന്റെ പേരില് ഹയര് സെക്കന്ഡറി വിഭാഗത്തെ തന്നെ ഇല്ലാതാക്കുന്ന ഖാദര് കമ്മറ്റി റിപ്പോര്ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് ഹയര് സെക്കന്ഡറി ടീച്ചേഴ്സ് അസോസിയേഷന്സ് (എഫ്എച്ച്എസ്ടിഎ) സമര പ്രഖ്യാപന കണ്വന്ഷന് നടത്തി. ഹയര് സെക്കന്ഡറി മൂല്യനിര്ണയ ക്യാമ്പ് ആരംഭിക്കുന്ന ഏപ്രില് മൂന്നിന് മുഴുവന് അധ്യാപകരും കറുപ്പണിഞ്ഞ് ക്യാമ്പിലെത്തി സമരങ്ങള്ക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
ഹയര് സെക്കന്ഡറി മേഖലയെ അക്കാദമികവും ഭരണപരവുമായി തകര്ക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇല്ലാതാക്കാനും വഴിയൊരുക്കുന്നതും സേവന-വേതന വ്യവസ്ഥകള് അട്ടിമറിക്കുന്നതുമായ ഖാദര് കമ്മറ്റി റിപ്പോര്ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കത്തെ പൊതു സമൂഹത്തെ മുന്നിര്ത്തി ശക്തമായി ചെറുക്കാനും കണ്വന്ഷന് തീരുമാനിച്ചു. സംസ്ഥാന ഓര്ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് സുബിന് ജോസ് അധ്യക്ഷത വഹിച്ചു. പി.സുകുമാരന്, ഇ.പി.ജോസ് കുട്ടി, കെ.പ്രവീണ് കുമാര്, എന്. സദാശിവന് എന്നിവര് പ്രസംഗിച്ചു.