നെയ്യംകയത്തിലേക്ക് വീണ്ടും ജീവജലം ഒഴുകിയെത്തി
1297447
Friday, May 26, 2023 1:00 AM IST
മുളിയാര്: പയസ്വിനിപ്പുഴയിലെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായ നെയ്യംകയത്തിന് ജീവാംശമായി വേനല്മഴയിലെ വെള്ളം ഒഴുകിയെത്തി.
മെയ് അവസാനമായിട്ടും കാര്യമായ മഴ കിട്ടാതായതോടെ കഴിഞ്ഞ ദിവസങ്ങളില് കയം വറ്റിത്തുടങ്ങിയിരുന്നു.
വെള്ളം തീരെ കുറഞ്ഞതിനെ തുടര്ന്ന് നൂറുകണക്കിന് മീനുകള് ചത്തുപൊങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില് കര്ണാടകയിലെ സുള്ള്യ, മടിക്കേരി ഭാഗങ്ങളില് പെയ്ത കനത്ത മഴയെ തുടര്ന്നാണ് പയസ്വിനിപ്പുഴയില് നീരൊഴുക്ക് വര്ധിച്ചതെന്നു കരുതുന്നു.
കാസര്ഗോഡിന്റെ മലയോരമേഖലയില് ഇപ്പോഴും മഴ കിട്ടാക്കനിയായി നില്ക്കുകയാണ്. കൂടുതല് വെള്ളം ഒഴുകിവന്നു നിറഞ്ഞതോടെ കയത്തിനു സമീപം പല ഭാഗങ്ങളിലും പുഴയുടെ അടിത്തട്ടുവരെ കണ്ടിരുന്നത് ഇല്ലാതായി. സമീപപ്രദേശങ്ങളിലെ ജലക്ഷാമത്തിനും അല്പമെങ്കിലും പരിഹാരമായി. പുഴയില് കൂടുതല് വെള്ളം നിറഞ്ഞതോടെ മുളിയാര് മേഖലയില് തമ്പടിച്ചിരിക്കുന്ന കാട്ടാനകള് കൂട്ടമായി പുഴയിലെത്തുന്നതിനുള്ള സാധ്യതകളും വര്ധിച്ചിട്ടുണ്ട്. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ഇവ പുഴ കടന്ന് കര്ണാടക വനത്തിലേക്ക് തിരിച്ചുപോവുകയാണെങ്കില് നാട്ടുകാര്ക്കും വനംവകുപ്പിനും വലിയൊരു തലവേദന ഒഴിവാകും.