ഓടിക്കൊണ്ടിരിക്കെ ജീപ്പ് കത്തിനശിച്ചു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
1297453
Friday, May 26, 2023 1:00 AM IST
കാഞ്ഞങ്ങാട്:ഓടികൊണ്ടിരിക്കുന്ന ജീപ്പിന് തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കോട്ടച്ചേരി മേല്‍പ്പാലം കടന്ന് ഗാര്‍ഡര്‍ വളപ്പ് റൈസ് മില്ലിന് സമീപം അജാനൂര്‍ ക്രസന്റ് സ്കൂളിന്റെ ബൊലെറൊ ജീപ്പാണ് പൂര്‍ണമായും കത്തിനശിച്ചത്. ഉടന്‍ വാഹനത്തില്‍ ഉണ്ടായിരുന്ന സ്കൂള്‍ ജീവനക്കാരായ എം.നിസാമുദ്ദിൻ, അബ്ദുള്‍ സലാം എന്നിവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. നിസാമുദ്ദീന്‍ ആണ് വാഹനം ഓടിച്ചിരുന്നത്. മില്ലിന് സമീപം എത്തിയപ്പോള്‍ പെട്ടെന്ന് വാഹനത്തിനു മുന്നില്‍ നിന്നു ശക്തമായ പുക ഉയരുകയായിരുന്നു. പുറത്തിറങ്ങിയ ഉടന്‍ തീ ആളിക്കത്തുകയായിരുന്നു.തൊട്ടടുത്ത വീട്ടുപറമ്പില്‍ നിന്നും പൈപ്പ് ഉപയോഗിച്ച് നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സ്റ്റേഷന് ഓഫീസര്‍ പി.വി. പവിത്രന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് സേനയെത്തി തീപൂര്‍ണമായും അണച്ചു. സേനാംഗങ്ങളായ പി. രാധാകൃഷ്ണൻ, ഒ.ജി.പ്രഭാകരന്, ഇ.ടി.മുകേഷ്, എച്ച്.ഉമേശൻ, ജി.ഷിബിന്‍, പി.ആര്.അനന്ദു, വരുണ്‍രാജ്, അതുല്‍ മോഹൻ, ശരത്ലാല്, അനീഷ്, ഹോംഗാര്‍ഡ് നാരായണന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.